ലഖിംപുർ സംഘർഷം: കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാൻ പ്രിയങ്ക ഗാന്ധി; അറസ്റ്റ് ചെയ്ത് യുപി പോലീസ്

  • 04/10/2021


ലക്നൗ: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. യുപിയിൽ ലഖിംപുർ മേഖലയിൽ സംഘർഷബാധിത പ്രദേശവും കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെയും സന്ദർശിക്കാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.

സംഘർഷത്തിൽ മരിച്ച കർഷകരുടെ കുടുംബങ്ങളെ പ്രിയങ്ക ഗാന്ധി സന്ദർശിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ യുപി പോലീസ് പ്രിയങ്കയെ വീട്ടു തടങ്കലിലാക്കിയിരുന്നു. ഇത് വകവെക്കാതെ അവർ വീട്ടിൽ നിന്നും പുറത്തിറങ്ങുകയും സംഘർഷബാധിത പ്രദേശത്തേക്ക് തിരിക്കുകയുമായിരുന്നു. തുടർന്നാണ് യു.പി പോലിസ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, ലഖിംപുർ മേഖലയിലുണ്ടായ സംഘർഷത്തിൽ മരണം എട്ടായി. സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടുപേർ മരിച്ചതിനെത്തുടർന്നാണ് സംഘർഷങ്ങളുടെ തുടക്കം. സ്ഥലത്തുവെച്ച് രണ്ടുപേരും പിന്നീടും ഒരാൾ ഗുണ്ടകളുടെ വെടിയേറ്റും മരിച്ചതായി കർഷകർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്രയും സംഘവുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് കർഷകർ ആരോപിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.

അതേസമയം, നാലു കർഷകരും വാഹനത്തിലുണ്ടായിരുന്ന നാലുപേരുമാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.

കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയുള്ളതിനാൽ കരിങ്കൊടിപ്രതിഷേധം നടത്താനായിരുന്നു അവർ വന്നിറങ്ങുന്ന ഹെലിപാഡിന് സമീപം കർഷകർ ഒത്തുചേർന്നത്. രാവിലെ ഒമ്പതുമുതൽ പ്രതിഷേധക്കാർ തമ്പടിച്ചു. എന്നാൽ, മന്ത്രിമാർ ഹെലികോപ്റ്ററിൽ വരാതെ ലഖ്നൗവിൽനിന്നു റോഡുമാർഗമെത്തി. പോലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്കു കർഷകർ മടങ്ങിപ്പോവാൻ തുടങ്ങി. രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകൾ റോഡരികിൽ കർഷകർക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാൾ വെടിയുതിർത്തതായും ദൃക്സാക്ഷികൾ പറഞ്ഞു.

ലവ്പ്രീത് സിങ് (20), നച്ചത്തർ സിങ് (60), ദൽജീത് സിങ് (35), ഗുർവീന്ദർ സിങ് (19) എന്നീ കർഷകരാണ് മരിച്ചത്. ഇതിൽ ഗുർവീന്ദർ സിങ്ങാണ് വെടിയേറ്റു മരിച്ചതെന്ന് നേതാക്കൾ അറിയിച്ചു. ആശിഷ് മിശ്ര ഗുണ്ടകൾക്കൊപ്പം മൂന്നു വാഹനങ്ങളിലായെത്തി ആക്രമിക്കുകയായിരുന്നെന്ന് കർഷകർ ആരോപിച്ചു.

Related News