രാജ്യത്ത് ഇപ്പോള്‍ ഏകാധിപത്യം, കര്‍ഷകരെ ആസൂത്രിതമായി ആക്രമിച്ച് കൊലപ്പെടുത്തി: രാഹുല്‍ ഗാന്ധി

  • 06/10/2021



ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേഡിയില്‍ കര്‍ഷകരെ ആസൂത്രിതമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അവിടുത്തെ സാഹചര്യം മനസ്സിലാക്കാനും കര്‍ഷകരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാനുമായി രണ്ടു മുഖ്യമന്ത്രിമാര്‍ക്കൊപ്പം താന്‍ ഇന്ന് ലഖിംപുര്‍ ഖേഡി സന്ദര്‍ശിക്കുമെന്നും രാഹുല്‍ പറഞ്ഞു. മേഖലയില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മൂന്നുപേര്‍ക്കേ അവിടേക്ക് പോകാനാവൂ. അതിനാലാണ് മൂന്നുപേര്‍ പോകുന്നത്. ഞങ്ങള്‍ക്ക് അവിടെ പോവുകയും ജനങ്ങളെ പിന്തുണയ്ക്കുകയും വേണം. എന്തുകൊണ്ടാണ് ഞങ്ങളെ മാത്രം തടയുന്നത്- രാഹുല്‍ ആരാഞ്ഞു.

രാജ്യത്ത് നിലവില്‍ ഏകാധിപത്യമാണെന്നും രാഹുല്‍ ആരോപിച്ചു. മുന്‍പ്‌ രാജ്യത്ത് ജനാധിപത്യമുണ്ടായിരുന്നു. ഇന്ന് ഏകാധിപത്യമാണ്. സര്‍ക്കാര്‍ കര്‍ഷകരെ അപമാനിക്കുകയാണ്. ലഖിംപുറില്‍ പ്രവേശിക്കുന്നതില്‍നിന്ന് പ്രതിപക്ഷ നേതാക്കളെ വിലക്കുന്നു. ഏകാധിപത്യത്തില്‍ ഇതൊക്കെയാണ് സംഭവിക്കുന്നത്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരെ ജീപ്പുകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അവരെ കൊലപ്പെടുത്തിയതാണ്- രാഹുല്‍ പറഞ്ഞു. കേന്ദ്രമന്ത്രിയുടെയും മകന്റെയും പേര് ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി ലഖ്‌നൗ സന്ദര്‍ശിച്ചു. എന്നാല്‍ അദ്ദേഹം ലഖിംപുര്‍ ഖേഡിയില്‍ സന്ദര്‍ശനം നടത്തിയില്ലെന്നും രാഹുല്‍ പറഞ്ഞു. ഇത് കര്‍ഷകര്‍ക്കു നേരെയുള്ള ആസൂത്രിതമായ ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Related News