കുവൈത്തിലേക്ക് ചാർട്ടേർഡ് വിമാനം; നിരവധിപേർ തട്ടിപ്പിനിരയായി.

  • 10/10/2021

കുവൈറ്റ് സിറ്റി: കുറഞ്ഞ നിരക്കിൽ കുവൈത്തിലേക്ക് ചാർട്ടേർഡ് വിമാനമുണ്ടെന്ന പരസ്യം കണ്ട് ടിക്കറ്റിന് പണം നൽകിയ നിരവധി പേർ കബിളിക്കപ്പെട്ടു. വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കിന്റെ പകുതി തുകയ്ക്ക് ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ്  ഡൽഹി ആസ്ഥാനമായുള്ള മർഹബ ട്രാവൽസിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. 

ഒരു ജാര്‍ഖണ്ഡ് സ്വദേശിയും മൂന്ന് കോഴിക്കോട്ടുകാരുമാണ് പോലീസിൽ പരാതി നൽകിയത്, കൂടുതല്‍പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടാവാമെന്നാണ് പോലീസ് സംശയിക്കുന്നത് . ടിക്കറ്റിന് മുന്‍കൂറായി നല്‍കിയ 89,333 രൂപ ഇവര്‍ക്ക് നഷ്ടമായി. പോലീസില്‍ പരാതിനല്‍കിയതിനു പിന്നാലെ പണംവാങ്ങിയയാള്‍ മൊബൈല്‍ഫോണ്‍ സ്വിച്ചോഫ് ചെയ്ത് മുങ്ങി. 

കൊച്ചിയില്‍നിന്ന് കുവൈത്തിലേക്ക് ഒരു ലക്ഷംരൂപ വിമാനടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. എന്നാല്‍, 45,000 രൂപയ്ക്ക് ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞാണ് ഡല്‍ഹി ആസ്ഥാനമായുള്ള ട്രാവല്‍സിന്റെ മലപ്പുറം നിലമ്പൂരിലെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ സി കെ അനീസ്  വഞ്ചിച്ചതെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സെപ്റ്റംബര്‍ 28-ന് കുവൈത്തിലേക്ക് ചാര്‍ട്ടേഡ് വിമാനസര്‍വീസുണ്ടെന്ന വാട്സാപ്പ് സന്ദേശം കണ്ടാണ് അതിലെ നമ്പറില്‍ ബന്ധപ്പെട്ടതെന്നാണ് പരാതിക്കാരനായ കോഴിക്കോട് ചക്കുംകടവ് സ്വദേശി വി. സാഹിര്‍ പറയുന്നത്. ജസീറ എയര്‍ലൈന്‍സിന്റെ 40 ടിക്കറ്റുകള്‍ തങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും അതില്‍ നാലെണ്ണം ബാക്കിയുണ്ട്, ഉടന്‍ പണമടച്ചാല്‍ നല്‍കാമെന്നുമായിരുന്നു പറഞ്ഞത്. എയര്‍വേസുമായി ബന്ധപ്പെട്ട് 28-ന് വിമാന സര്‍വീസ് ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അഡ്വാന്‍സ് തുകനല്‍കിയത്. പക്ഷേ, 25-ന് ടിക്കറ്റിനായി വീണ്ടും ബന്ധപ്പെട്ടപ്പോള്‍ ബാക്കി തുകകൂടെ വേണമെന്ന് പറഞ്ഞു. ഇനി പണംനല്‍കണമെങ്കില്‍ ആധാര്‍കാര്‍ഡ് അയച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അയാള്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് നിലമ്പൂരിലെ സുഹൃത്തുക്കള്‍ വഴി നടത്തിയ അന്വേഷണത്തില്‍ അവിടെ അങ്ങനെയൊരു ട്രാവല്‍ ഏജന്‍സിതന്നെയില്ലെന്ന് കണ്ടെത്തി. അന്നുതന്നെ പന്നിയങ്കര പോലീസില്‍ പരാതി നല്‍കി. പോലീസ് ബന്ധപ്പെട്ടപ്പോള്‍ അയാള്‍ നിലമ്പൂര്‍ കവളമുക്കടയിലെ ഒരു വിലാസം പറഞ്ഞുകൊടുത്തെങ്കിലും ആ വിലാസത്തില്‍ ആളില്ലെന്നാണ് വ്യക്തമായതെന്ന് പരാതിക്കാരന്‍ പറയുന്നു.

സി കെ അനീസ് എന്നയാളിന്റെ പേരിലേക്കാണ് ടിക്കറ്റിനായി എല്ലാവരും പണമയച്ചത് . അയാളുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നവരോടെല്ലാം മൂന്ന് ടിക്കറ്റ് ബാക്കിയുണ്ട് പണം ഉടന്‍ നല്‍കിയാല്‍ നല്‍കാമെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. അതുകൊണ്ട് കൂടുതല്‍പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടാവാമെന്നാണ് സംശയം. പണം തിരികെ നല്‍കാമെന്ന് പോലീസിന് ഉറപ്പുനല്‍കിയെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ചോഫ് ചെയ്തതോടെ ബന്ധപ്പെടാന്‍ മാര്‍ഗമൊന്നുമില്ലാതായി.

തട്ടിപ്പിനിരയായ പലരും വിസകാലാവധി കഴിയുമെന്നതിനാൽ കുവൈത്തിലേക്ക് മടങ്ങി. പരാതിക്കാരനായ സാഹിറും 75,000 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ്. ആദ്യം പലരോടും വായ്പവാങ്ങി നല്‍കിയ പണവുംപോയി ടിക്കറ്റിന് വീണ്ടും കൂടുതല്‍ തുക മുടക്കേണ്ടിയും വന്നുവെന്നാണ് അവസ്ഥ. വിഷയത്തിൽ പോലീസ് അന്യോഷണം ആരംഭിച്ചു. 



Related News