ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്നു; ടൂര്‍ ഓപ്പറേറ്റര്‍മാരുടേയും ഏജന്റുമാരുടേയും യോഗം വിളിച്ച് ചേര്‍ത്ത് ഇന്ത്യന്‍ എംബസി

  • 11/10/2021

കുവൈത്ത് സിറ്റി : വിനോദ  സഞ്ചാരവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടേയും ഏജന്റുമാരുടേയും ടൂർ പ്ളേനർമാരുടേയും യോഗം വിളിച്ച് ചേര്‍ത്തു. ഇന്ത്യയിലെ വിനോദ സഞ്ചാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അംബാസിഡര്‍ സിബി ജോര്‍ജ്ജ് ചടങ്ങ് സംഘടിപ്പിച്ചത്.  ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാര വിസകൾ ഈ മാസം 15 മുതൽ രണ്ട്‌ ഘട്ടങ്ങളിലായി ആരംഭിക്കുമെന്നും സഞ്ചാരികള്‍ക്കായി ഇന്ത്യയിലേക്ക് ചാർട്ടർ ഫ്ലൈറ്റുകൾക്ക് അനുവാദം നല്‍കുമെന്നും സിബി ജോര്‍ജ്ജ് വ്യക്തമാക്കി. 

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന രംഗമാണ് ഇന്ത്യന്‍ വിനോദ സഞ്ചാരം. ഭാരതത്തിന്‍റെ വൈവിധ്യം നിറഞ്ഞ കാഴ്ചകള്‍ തന്നെയാണ് ഇവിടേക്ക് ഇത്രയധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.ഏതു തരത്തിലുള്ള സഞ്ചാരികള്‍ക്കും ആസ്വദിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള കാഴ്ചകളും സ്ഥലങ്ങളും നമ്മുടെ നാട്ടിലുണ്ട്. യുനസ്കോയുടെ ലോക പൈതൃത പട്ടികയില്‍ ഇന്ത്യയില്‍ നിന്നു മാത്രം 38 പൈതൃക സ്മാരകങ്ങള്‍ ഇടം പിടിച്ചിട്ടുണ്ടെന്നും  കോവിഡാനന്തര ഇന്ത്യയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമായതായും അദ്ദേഹം പറഞ്ഞു. 

ജമ്മു, കാശ്മീർ, ഹിമാചൽ, ഗോവ, കേരളം മുതലായ ഇന്ത്യയിലെ വിവിധ വിനോദ സഞ്ചാരം കേന്ദ്രങ്ങളുടെ വിഡിയോകളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടു ക്യാംപുകളും റോഡ് ട്രിപ്പുകളുമെല്ലാം മുന്‍കാലങ്ങളിലെന്ന പോലെ ഇന്ത്യയില്‍  സജീവമാണ്.2019 ൽ ഏകദേശം 18 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികളും പ്രവാസി ഇന്ത്യക്കാരും ഇന്ത്യയിലെത്തി. അതിനുമുമ്പ് 2018 ൽ ഏകദേശം 17 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാർ ഇന്ത്യയിൽ വന്നിറങ്ങിയത്. റിപ്പോർട്ടുകൾ അനുസരിച്ച് 2029 ഓടെ യാത്രാ, ടൂറിസം മേഖല 512 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Related News