ജയിലുകള്‍ നിറഞ്ഞു; സുരക്ഷാപരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ആഭ്യന്തര മന്ത്രാലയം.

  • 12/10/2021

കുവൈത്ത് സിറ്റി : നാടുകടത്തൽ കേന്ദ്രത്തിൽ തടവുകാരുടെ ആധിക്യം  കാരണം വിസ  നിയമലംഘകർക്കെതിരായ സുരക്ഷാ കാമ്പയിന്‍  താൽക്കാലികമായി നിര്‍ത്തിവെക്കുവാന്‍  ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക അറബിക് ദിനപത്രം അൽ ഖബസ് റിപ്പോർട്ട് ചെയ്തു. കൂടുതല്‍ തടവുകാരെ പാര്‍പ്പിക്കുന്നത് പകർച്ചവ്യാധികൾ പടരുവാന്‍ കാരണമാകുമെന്നും മുൻകരുതലെന്ന നിലക്കാണ് സുരക്ഷാ പരിശോധന നിര്‍ത്തിവെക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന തിരച്ചലില്‍ നൂറുക്കണക്കിന് വിദേശികളെയാണ് പിടികൂടിയത്. പുതിയ നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഡീപോര്‍ട്ടേഷന്‍  കേന്ദ്രത്തിലെ എല്ലാ  തടവുകാരെയും  നാടുകടത്തുന്നതിന് കൂടുതല്‍ സമയം  ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. 

കൊറോണ പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന കുവൈത്തില്‍  ശക്തമായി തുടരുകയാണ്. ഇന്ത്യാക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്. നാടുകടത്തൽ കേന്ദ്രങ്ങളിൽ എത്തുന്ന പലരുടെയും കയ്യില്‍  പാസ്പോർട്ട് കൈവശം ഇല്ലാത്തതും സ്വദേശങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ വൈകുന്നതിന് കാരണമാകുന്നുണ്ട്. രണ്ടാഴ്ചക്കിടെ ആയിരത്തോളം പേരാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിയത്. വിമാന സര്‍വീസ് സാധാരണ നിലയിലാകാത്തതും നടപടികള്‍ മന്ദഗതിയിലാക്കിയിട്ടുണ്ട്. 180,000 ത്തിലേറെ അനധികൃത താമസക്കാര്‍ രാജ്യത്തുണ്ടെന്നാണ് സര്‍ക്കാരിന്‍റെ  കണക്ക്. വ്യാപക പരിശോധനയിലൂടെ ഇവരെയെലാം പിടികൂടി നാടുകടത്താന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം.

Related News