ജാബിർ ബ്രിഡ്ജിൽ വീണ്ടും ആത്മഹത്യാ ശ്രമം; പ്രവാസിയെ രക്ഷപ്പെടുത്തി സുരക്ഷാ സേന.

  • 13/10/2021

കുവൈറ്റ് സിറ്റി :  ചൊവ്വാഴ്ച വൈകുന്നേരം ജാബർ പാലത്തിന് മുകളിൽ നിന്ന് കടലിൽ ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച  ഈജിപ്ഷ്യൻ സ്വദേശിയെ അഗ്നിശമന സേനാംഗങ്ങളുടെയും ആംബുലൻസുകളുടെയും സഹായത്തോടെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. 

ടാക്സി കാറിൽ ജാബിർ ബ്രിഡ്ജിൽ എത്തിയ ഈജിപ്ഷ്യൻ സ്വദേശി ബ്രിഡ്ജിൽ വാഹനം നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് ഇദ്ദേഹം വാഹനത്തിൽനിന്നിറങ്ങി കടലിലേക്ക് ചാടുകയുമായിരുന്നെന്ന് ടാക്സി ഡ്രൈവർ ആഭ്യന്തര മന്ത്രാലയത്തിന്റെ കാൾ സെന്ററിലേക്ക് അറിയിച്ചു.

സംഭവ സ്ഥലത്തെത്തിയ  സുരക്ഷാ, അഗ്നിശമന സേനാംഗങ്ങളും മെഡിക്കൽ എമർജൻസി ടീമും തുടർന്ന് നടത്തിയ നീണ്ട സമയത്തെ തിരച്ചിലിനു ശേഷം ഈജിപ്ഷ്യൻ സ്വദേശിയെ കണ്ടെത്തി കരക്കെത്തിച്ചു.  നിരവധി പരിക്കുകളുള്ള ഇദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.  

ചികിത്സാ കാലാവധി അവസാനിച്ചതിന് ശേഷം പ്രവാസിയെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സുരക്ഷാ ഉറവിടം വെളിപ്പെടുത്തി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു യൂറോപ്പ്യൻ യുവതിയും ജാബിർ ബ്രിഡ്ജിൽനിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. 

Related News