ട്രാഫിക് തിരക്കുകള്‍ വര്‍ദ്ധിക്കുന്നു; നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം.

  • 16/10/2021

കുവൈത്ത് സിറ്റി : തിരക്കേറിയ സമയങ്ങളിൽ രാജ്യത്തെ ട്രാഫിക്കുകള്‍ വര്‍ദ്ധിക്കുന്നതിന്  സാധുത നഷ്ടപ്പെട്ട ലൈസൻസുകളും കാരണമാകുന്നതായി അധികൃതര്‍ അറിയിച്ചു. കാലഹരണപ്പെട്ടതോ  സാധുത നഷ്ടപ്പെട്ടതോ ആയ ആയിരക്കണക്കിന് ലൈസന്‍സുകളാണ് രാജ്യത്തുള്ളത്.   ഡ്രൈവര്‍ വിസയില്‍ കുവൈത്തിലേക്ക് പ്രവേശിക്കുകയും ലൈസന്‍സ് എടുത്തതിന് ശേഷം  ഉടമ ലൈസന്‍സ് ലഭിക്കുന്നതിന് അര്‍ഹമല്ലാത്ത മറ്റൊരു പദവിയിലേക്ക് ജോലി മാറുകയും ചെയ്ത 40,000 ലൈസൻസുകളും പഠന സമയത്ത് വിദ്യാര്‍ഥികള്‍ക്കായി അനുവദിച്ച 20,000 -ലധികം ഡ്രൈവിംഗ് ലൈസൻസുകളും ഇപ്പോയും ഉപയോഗിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.മുന്‍ വിദ്യാര്‍ഥികളില്‍  ഭൂരിഭാഗവും പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് തിരികേ ഏല്‍പ്പിച്ചിട്ടില്ല. 

അതോടപ്പം നിരവധി ഗാര്‍ഹിക തൊഴിലാളികളും ലൈസന്‍സുകള്‍ സമ്പാദിച്ച ശേഷം അനധികൃതമായി ദുരുപയോഗം ചെയ്യുന്നതായും ഇവരെ കണ്ടെത്തുന്നതിനായി നടപടികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും പരമാവധി പിഴ അഞ്ച് ദിനാർ മാത്രമായതിനാല്‍   മുൻ വിദ്യാർത്ഥികളും ഗാർഹിക ഡ്രൈവർമാരും ലൈസൻസുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നത് തുടരുകയാണ്.അതിനിടെ  നിലവിലുള്ള  നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി ഇത്തരത്തില്‍  വാഹനം ഓടിക്കുന്നവരെ നിയമവിരുദ്ധമായി പരിഗണിക്കാനും വിദേശികളെ ഉടന്‍ നാടുകടത്തുന്നതിനുമായുള്ള  നടപടികള്‍ സ്വീകരിക്കാനും മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഇത് സംബന്ധമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവര്‍, റെസിഡൻസ് അഫയേഴ്സ് അതോറിറ്റി എന്നിവരുമായി ആഭ്യന്തര വകുപ്പ് ചര്‍ച്ചകള്‍ നടത്തി. 

പുതിയ മാറ്റങ്ങള്‍ വന്നാല്‍  ഇവരുടെ താമസരേഖ പുതുക്കുന്നത് ഉള്‍പ്പെടെ എല്ലാ ഇടപാടുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുവാന്‍ മന്ത്രാലയത്തിന്  സാധിക്കുമെന്ന്  പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.താമസരേഖ പുതുക്കുന്ന വേളയില്‍ കാലഹരണപ്പെട്ടതും പുതുക്കാന്‍ സാധിക്കാത്തതുമായ ലൈസന്‍സുകള്‍ തിരിച്ചേല്‍പ്പിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.അസാധുവാക്കപ്പെട്ട  ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് രാജ്യത്തെ ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കുന്നതായും ഈ സാഹചര്യത്തിലാണ്  ഇവരെ കണ്ടെത്തുന്നതിന് മന്ത്രാലയം നടപടികള്‍ ആരംഭിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വിദേശികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനായി പുതിയൊരു സംവിധാനം ഒരുക്കുന്നത് വരെ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസൻസുകൾ നൽകുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുവാനും ആലോചനയുണ്ടെന്ന് വാര്‍ത്തകളുണ്ട്. 

Related News