എയര്‍പോര്‍ട്ട് പൂര്‍ണ്ണ ശേഷിയിലേക്ക്; ടിക്കറ്റുകള്‍ക്ക് വില കുറയും

  • 20/10/2021

കുവൈത്ത്​ സിറ്റി: ഒക്ടോബർ 24 മുതല്‍ എയര്‍പോര്‍ട്ട് മുഴുവൻ ശേഷിയില്‍ പ്രവർത്തിക്കാൻ മന്ത്രിസഭ അനുമതി നൽകി. കുവൈത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള  അഞ്ചാം ഘട്ടം പ്രധാനമന്ത്രി ശൈഖ് സബ ഖാലിദ് അൽ ഹമദ് അൽ സബാഹാണ് ഇന്ന്  പ്രഖ്യാപിച്ചത് . സർവീസുകൾ പുനരാരംഭിക്കുമ്പോൾ രോഗവ്യാപനം തടയാൻ  മുഴുവൻ മുൻകരുതൽ നടപടികളും നിർബന്ധമായും പാലിക്കണമെന്ന് താരിഖ് അൽ മുസ്റം വ്യക്തമാക്കി. വിമാനത്താവളത്തില്‍ നിന്നും മുഴുവൻ ശേഷിയിൽ സർവീസുകൾ പൂർണമാകുന്നതു വരെ സർവീസുകൾ വിപുലീകരിക്കും. ഇത് സംബന്ധമായ നിര്‍ദ്ദേശം വിമാന കമ്പനികള്‍ക്ക് ഡിജിസിഎ നല്‍കും. എയർപോർട്ട് പൂർണ്ണമായി പ്രവർത്തിക്കുന്നതോടെ കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് വില സാധരണ നിലയിലേക്കെത്തുമെന്നും, ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്ക്  നൂറുദിനാറിൽ താഴെയാകുമെന്നും  ട്രാവൽ വൃത്തങ്ങൾ വിലയിരുത്തുന്നു. 

കൊറോണ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങളുടെ അവസാന ഘട്ടമാണ് ഇന്ന് പ്രധാനമന്ത്രി  പ്രഖ്യാപിച്ചത്. പള്ളികളില്‍ ആരാധകർ തമ്മിലുള്ള സാമൂഹിക അകലം പാലിക്കാനുള്ള നിയന്ത്രണങ്ങൾ  പിൻവലിക്കുമെന്നും  കോൺഫറൻസുകൾ, വിവാഹങ്ങൾ, സാമൂഹിക ഒത്തുചേരലുകള്‍ എന്നീവക്ക്  നിയന്ത്രണങ്ങളോടെ  അനുമതി നല്‍കുമെന്നും   സാര്‍ക്കാര്‍ വക്താവ് താരിഖ് അൽ മുസ്റം പറഞ്ഞു. രണ്ട് ഡോസ് കോവിഡ്  വാക്സിന്‍ സ്വീകരിച്ചവാര്‍ക്കാണ് പ്രവേശനം അനുവദിക്കുക. കുവൈത്ത് അംഗീകൃത വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിസകള്‍ നല്‍കും.  ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിനും വാക്സിൻ സ്വീകരിക്കുവാന്‍ ജനങ്ങള്‍ കാണിച്ച സന്നദ്ധതയ്ക്കും പ്രധാനമന്ത്രി പൗരന്മാരോടും വിദേശികളോടും പ്രധാനമന്ത്രി നന്ദി പറഞ്ഞതായി അൽ മുസ്റം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News