'ഇന്ത്യ: ദ ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ ഡെസ്റ്റിനേഷന്‍'; ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് ഇന്ത്യന്‍ എംബസ്സി.

  • 21/10/2021


കുവൈറ്റ് സിറ്റി: കോവിഡ് വാക്സിനേഷനിൽ  ഇന്ത്യയില്‍ നൂറ് കോടി ഡോസ് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിന്‍റെ ഭാഗമായി 'ഇന്ത്യ: ദ ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ ഡെസ്റ്റിനേഷന്‍' എന്ന ശീര്‍ഷകത്തില്‍  ആഘോഷ പരിപാടികള്‍ ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ചു. അംബാസിഡര്‍ സിബി ജോര്‍ജ്ജ് ഉത്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഓഡിയോ സന്ദേശം നല്‍കി.   പരിപാടികളുടെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സ്തനാര്‍ബുദ ബോധവത്കരണ കാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറത്തിന്‍റെയും ഇന്ത്യന്‍ വിമന്‍സ് നെറ്റ്വര്‍ക്കിന്‍റെയും സഹകരണത്തോടെയാണ്  കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.എംബസ്സി ഓഡിറ്റോറിയത്തില്‍  സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഡോ. മധു ഗുപ്ത, ഡോ. സുസോവന സുജിത് നായര്‍, ഡോ. റിഫാത്ത് ജെഹാന്‍, ഡോ. തസ്മീം അമീര്‍, ഡോ. തസ്‌നീം ജസ്വി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത നിരവധി സ്ത്രീകള്‍ മെഡിക്കല്‍ സ്‌ക്രീനിംഗ് സൗകര്യം പ്രയോജനപ്പെടുത്തി. ഒക്ടോബര്‍ 27 വരെ ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വരെ എംബസി പരിസരത്ത് ക്യാമ്പ് ഉണ്ടായിരിക്കുമെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു. 

ഒമ്പത് മാസം കൊണ്ടാണ് ഇന്ത്യ നൂറ് കോടി ഡോസുകൾ വിതരണം ചെയ്തത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ താൽക്കാലിക കണക്ക് പ്രകാരം, ബുധനാഴ്ച വരെ 99.70 കോടി ഡോസുകൾ നൽകിയിരുന്നു. ഇതിൽ 74 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചവരും 34 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചവരാണ്.വാക്സിനേഷന്‍റെ  65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നൽകിയിരിക്കുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി പ്രശസ്ത ഗായകന്‍ കൈലാഷ് ഖേർ ആലപിച്ച ഗാനവും വിഡിയോ ചിത്രീകരണവും പുറത്ത് വിട്ടു.  

Related News