കുവൈത്തില്‍ വിവാഹങ്ങളും കല്യാണമണ്ഡപങ്ങളും സജീവമാകുന്നു

  • 22/10/2021

കുവൈത്ത് സിറ്റി : രാജ്യത്തെ കോവിഡ്​ സാഹചര്യം ഏറെ  മെച്ചപ്പെട്ടതോടെ ​ വിവാഹവും കോൺഫറൻസുകളും സാമൂഹിക പരിപാടികളും വീണ്ടും സജീവമാകുന്നു. കൊറോണ നിയന്ത്രങ്ങളെ തുടര്‍ന്ന് 18 മാസത്തിലേറെയായി നിശ്ചലമായിരുന്ന മേഖലയാണ് പതിയേ താളം വീണ്ടുടുക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനം വന്നത് മുതല്‍ കല്യാണമണ്ഡപങ്ങളിലെയും ഇവന്റ് ഹാലുകളിലേയും പഴയ ഫർണിച്ചറുകൾ വൃത്തിയാക്കുന്നതിനുള്ള തിരക്കിലാണ് ഉടമകള്‍. പരിപാടികളെ വരവേല്‍ക്കാന്‍ ഹാളുകള്‍ തയ്യാറായതായി അൽ ഓസ്റ്റൗറ ഹാളിന്‍റെ ഉടമ അലി അൽ നോമാൻ പറഞ്ഞു. വിവാഹങ്ങളും സാമൂഹിക പരിപാടികളും സംഘടിപ്പിക്കാവാന്‍ അനുമതി നല്‍കിയ ഭരണകൂടത്തോട് ഏറെ കടപ്പാടുണ്ടെന്നും ഫർണിച്ചറുകൾ, ഇന്റീരിയർ ഡെക്കറേഷൻ എന്നിവ മാറ്റിസ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കൊറോണ കാലത്ത് വാടകയും തൊഴിലാളികളുടെ ശമ്പളവുമായി വലിയ ബാധ്യതയാണ് മുന്നിലുള്ളതെങ്കിലും വരും ദിവസങ്ങളിലെ  ബിസിനസ്സിലൂടെ ഈ നഷ്ടങ്ങള്‍ നികത്താന്‍ സാധിക്കുമെന്നും അലി അൽ നോമാൻ  പ്രതീക്ഷ പങ്കുവെച്ചു. മന്ത്രിസഭ തീരുമാനം വന്നതോടെ കല്യാണമണ്ഡപങ്ങളുടെ റിസർവേഷനുകള്‍ വര്‍ദ്ധിച്ചത് ആശ്വാസത്തോടെയാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കാണുന്നത്. കാറ്ററിംഗ്, സേവന കമ്പനികളെ ആശ്രയിച്ച്  ഇന്ത്യക്കാര്‍ അടക്കം ആയിരക്കണക്കിന് വിദേശികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ നീക്കി  ദീർഘകാലമായി കാത്തിരുന്ന മന്ത്രിസഭയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഹാളുടമ  സാലം  അൽ ശമ്മാരി പറഞ്ഞു. 

നിലവില്‍ നല്ല രീതിയിലാണ് ബുക്കിംഗുകള്‍ വരുന്നത്. ഇതേ രീതിയില്‍ത്തന്നെ ബുക്കിംഗ് ഉണ്ടായാല്‍  സീസണ്‍ ഉഷാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാടക വര്‍ദ്ധിപ്പിക്കുന്നത്  സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും കാറ്ററിംഗ്, സേവന കമ്പനികളെ ആശ്രയിച്ചാണ് വില നിശ്ചയിക്കുകയെന്നും സാലം  അൽ ശമ്മാരി പറഞ്ഞു. ഒന്നര വർഷത്തോളം അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ഫർണിച്ചറുകൾക്കും എയർകണ്ടീഷനിംഗിനും സാരമായ  കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്. അതോടപ്പം വാടകയും ഓഫീസുകൾക്കും സ്റ്റോറുകൾക്കുമുള്ള ചിലവുകളുമൊക്കെ ഹാൾ ഉടമകൾക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിയതെന്നും സാലം  അൽ ശമ്മാരി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഹോട്ടൽ വരുമാനത്തിന്റെ 40 ശതമാനവും സംഭാവന ചെയ്യുന്നത്  കല്യാണമണ്ഡപങ്ങളും കോൺഫറൻസ് ഹാളുകളുമാണ്. 

കുവൈറ്റ് വാർത്തകൾക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related News