ഇനി 13 വിമാനത്താവളങ്ങൾ കൂടി: സ്വകാര്യവത്കരണ നടപടികൾ മാർച്ചിനുമുമ്പ്‌ പൂർത്തിയാക്കാൻ കേന്ദ്രം

  • 26/10/2021


ന്യൂ ഡെൽഹി: സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികൾ നടപ്പ് സാമ്പത്തികവർഷം അവസാനത്തോടെ പൂർത്തിയാക്കും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും ഭാവിയിൽ പ്രവർത്തിക്കുക.

ലേലനടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് എയർപോർട്ടുകൾ കൈമാറുക.

ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ എയർപോർട്ടുകളുമായി ചേർത്താകും സ്വകാര്യനിക്ഷേപം സ്വീകരിക്കുക. വാരണാസി, അമൃത്സർ, ഭൂവനേശ്വർ, റായ്പുർ, ഇൻഡോർ, ട്രിച്ചി എന്നിവയോടൊപ്പമാകും ചെറിയ വിമാനത്താവളങ്ങളെ ഉൾപ്പെടുത്തുക.

കൊറോണയെതുടർന്ന് വിമാനത്താവളങ്ങളിൽനിന്നുള്ള വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നും അത് ഹ്രസ്വകാലത്തേക്കുമാത്രമാണെന്നുമാണ് വിലയിരുത്തൽ.

നാലുവർഷത്തിനുള്ളിൽ 25 വിമാനത്താവങ്ങൾ ഇത്തരത്തിൽ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ 13 എയർപോർട്ടുകൾ ഉൾപ്പടെയാണിത്. 2019ൽ അദാനി ഗ്രൂപ്പിന് രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങൾ കൈമാറിയിരുന്നു.

Related News