കേന്ദ്രത്തിന് തിരിച്ചടി; പെഗാസസിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം

  • 27/10/2021

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുകയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ വിധി പ്രസ്താവത്തിൽ പറഞ്ഞു.

സുപ്രീം കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. സാങ്കേതിക വിദഗ്ധരും സമിതിയിൽ അംഗമായിരിക്കും. എട്ടാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും. വിദഗ്ധ സമിതി കേന്ദ്ര സർക്കാർ രൂപീകരിക്കാം എന്ന ആവശ്യം സുപ്രീം കോടതി തള്ളി.

റോ മുൻ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്രോയ്, ഡോ. നവീൻ കുമാർ ചൗധരി (ഡീൻ, നാഷനൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി), ഡോ.പി. പ്രഭാകരൻ( കൊല്ലം അമൃത വിശ്വവിദ്യാലയം സ്കൂൾ ഓഫ് എൻജിനീയറിങ് പ്രഫസർ), ഡോ. അശ്വിൻ അനിൽ ഗുമസ്തെ( മുംബൈ ഐഐടി പ്രഫസർ) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

പെഗാസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയുടെയോ വിരമിച്ച ജഡ്ജിയുടെയോ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുതിർന്ന മാധ്യപ്രവർത്തകരായ എൻ. റാമും ശശികുമാറും രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസും നൽകിയ ഹർജിയിലാണ് വിധി.

ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയതിനെ സർക്കാർ ശരിവെക്കുകയോ തള്ളുകയോ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോൺ ബ്രിട്ടാസിന്റെ ഹർജി. വിവരം ചോർത്തിയത് കേന്ദ്ര സർക്കാരാണെങ്കിലും വിദേശ ഏജൻസിയാണെങ്കിലും അന്വേഷിച്ച് കണ്ടെത്തണം. സർക്കാരാണ് അത് ചെയ്തതെങ്കിൽ അനധികൃതമായാണ് നടത്തിയത്. വിദേശ ഏജൻസിയാണെങ്കിൽ ബാഹ്യശക്തിയുടെ ഇടപെടലായിക്കണ്ട് അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Related News