ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി എല്ലാ വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല: പെഗാസസ് വിഷയത്തിൽ കേന്ദ്രത്തിന് കനത്ത തിരിച്ചടി നൽകി സുപ്രീംകോടതി

  • 27/10/2021


ന്യൂ ഡെൽഹി: പെഗാസസ് വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്ന് കേന്ദ്രത്തിന് കനത്ത തിരിച്ചടി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റിയെ വെക്കാമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണ സമിതിയെ പരമോന്നത നീതിപീഠം വച്ചത്. 

ചോർത്തിയോ ഇല്ലയോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാതെ ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ വെളിപ്പെടുത്താനാകില്ല എന്ന നിലപാടെടുത്ത കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു സുപ്രീംകോടതി. 

ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി എല്ലാ വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല. സ്വകാര്യതയിലേക്ക് കടന്നുകയറി മാധ്യമസ്വാതന്ത്ര്യത്തെ അട്ടിമറിക്കാൻ പറ്റില്ലെന്നും വിധി പ്രസ്താവത്തിൽ കോടതി പറഞ്ഞു. വിദഗ്ധ സമിതി കേന്ദ്ര സർക്കാർ രൂപവത്കരിക്കാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും കോടതി ആ നിർദേശം തള്ളിയാണ് സ്വന്തം മേൽനോട്ടത്തിൽ സ്വയം കമ്മിറ്റിയെ വച്ച് അന്വേഷണം എന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

സ്വകാര്യതയ്ക്കുള്ള അവകാശം ഹനിക്കപ്പെടുന്നതാണിത്. പൗരന്മാരെ മൊത്തം ബാധിക്കുന്ന പ്രശ്നം. കൃത്യമായ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്നും അർഹിക്കുന്ന ഗൗരവത്തോടെ കേന്ദ്രം ഇത് കണ്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

പെഗാസസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അറിയിക്കാൻ കേന്ദ്രത്തിന് ആവശ്യത്തിന് സമയം നൽകി. എന്നാൽ പരിമിതമായ ഒരു സത്യവാങ്മൂലം മാത്രമാണ് കേന്ദ്രം നൽകിയത്. കേന്ദ്രം കൃത്യമായ നിലപാട് അറിയിച്ചിരുന്നെങ്കിൽ തങ്ങൾക്കും ബാധ്യത കുറയുമായിരുന്നുവെന്നും കോടതി പറഞ്ഞു.

കോടതിയെ കാഴ്ചക്കാരാക്കരുത്. ഭരണഘടനാനുസൃതമായിരിക്കണം നിബന്ധനകൾ കൊണ്ടുവരാൻ. നിയമത്തിന്റെ പിൻബലമില്ലാതെ സ്വകാര്യതയിലേക്ക് കടന്നുകയറുത്. മൗലികാവകാശങ്ങൾ പോലെ തന്നെ ചില നിയന്ത്രണങ്ങളും ആവശ്യമാണെന്ന് തിരിച്ചറിയുന്നുണ്ട്. 

ജനാധിപത്യ സമൂഹത്തിൽ ജനങ്ങൾക്ക് സ്വകാര്യതയിൽ ആശങ്കയുണ്ട്. സ്വകാര്യത ലംഘിക്കപ്പെടുന്നതിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കേണ്ടതുണ്ടെന്ന കൃത്യമായ മുന്നറിയിപ്പോടെയാണ് കോടതി വിധി.

Related News