സാൽമിയയിലെ യുവതിയുടെ മരണം; കുറ്റകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • 27/10/2021

കുവൈത്ത് സിറ്റി: സാൽമിയയിൽ യുവതിയുടെ അസ്ഥികൂടം അപ്പാർട്ട്മെന്റിലെ കുളിമുറിയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വദേശി യുവതിയുടെ മൃതദേഹം അഞ്ച് വർഷമായി അമ്മ കുളിമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പബ്ലിക്ക് പ്രോസിക്യൂഷൻ അമ്മയെയും മകനെയും മറ്റൊരു സഹോദരനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഒരു മകനെ വിട്ടയച്ചു. യുവതിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്നുള്ളത് ഫോറൻസിക് റിപ്പോർട്ട് വരുമ്പോൾ വ്യക്തമാകുമെന്നാണ് അധികൃതർ അറിയിച്ചത്.

അന്വേഷണ ഉദ്യോ​ഗസ്ഥരും ഫോറൻസിക്ക് ഉദ്യോ​ഗസ്ഥരും അപ്പാർട്ട്മെന്റിൽ പരിശോധന നടത്തി. അമ്മ അപ്പാർട്ട്മെന്റിന് ഉള്ളിലെ സെൻട്രൽ എയർ കണ്ടീഷനിം​ഗ് ഔട്ട്‍ലെറ്റുകൾ നൈലോൺ ഉപയോ​ഗിച്ച് അടച്ച് വച്ചിരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാലാണ് ദുർ​ഗന്ധം അടുത്തുള്ള അപ്പാർട്ട്മെന്റുകളിലേക്ക് വ്യാപിക്കാതിരുന്നത്. 

തുറക്കാൻ പ്രയാസമുള്ള തടിക്കൊണ്ട് നിർമ്മിച്ച വസ്തുക്കൾ കൊണ്ട് മകളുടെ ചെറിയ മുറിയും കുളിമുറിയും അടച്ച നിലയിലായിരുന്നു. ഇത് വർഷങ്ങളായി തുറക്കാത്ത വൃത്തിശൂന്യമായ നിലയിലായിരുന്നു. കാൻസർ രോ​ഗിയായ അമ്മ ചോദ്യം ചെയ്യലിൽ ഉടനീളം അസാധാരണമായ പെരുമാറ്റമായിരുന്നുവെന്നും സെക്യൂരിട്ടി വൃത്തങ്ങൾ പറഞ്ഞു.

മരണപ്പെട്ട മകൾ പലപ്പോഴും വീടിന് പുറത്തേക്ക് പോകുമായിരുന്നുവെന്നും ഇതിനാലാണ് പൂട്ടിയിട്ടതെന്നും അമ്മ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഒരു ദിവസം ഭക്ഷണവും വെള്ളവും കൊടുക്കുന്നതിനായി തുറന്നപ്പോൾ മകളുടെ മൃതദേഹം കുളിമുറിയിൽ കണ്ടെത്തുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.  ഭയം മൂലമാണ് കാര്യങ്ങൾ പുറത്ത് പറയാതിരുന്നതെന്നാണ് വിശദീകരണം. വർഷങ്ങളായി അകന്നു  കഴിയുന്ന മരണപ്പെട്ട പെൺകുട്ടിയുടെ പിതാവിനെയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News