വിസ തട്ടിപ്പ് ; മുന്നറിയിപ്പ് നൽകി എംബസി

  • 27/10/2021

കുവൈത്ത് സിറ്റി : ജർമ്മനിയിലേക്കുള്ള വിസകളുടെ അപേക്ഷകള്‍ എംബസിയിലെ വിസ വിഭാഗത്തിലാണ് സമര്‍പ്പിക്കേണ്ടതെന്നും  മറ്റുള്ള തട്ടിപ്പിൽ വീഴരുതെന്നും ജര്‍മ്മന്‍ എംബസി അധികൃതര്‍ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളില്‍  550 ദിനാറിന് ജർമ്മനിയിലേക്ക് ബ്ലൂ കാർഡ് വിസയും 350 ദിനാറിന് സ്റ്റുഡണ്ട് വിസയും ലഭിക്കുമെന്ന് രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം  ഉണ്ടായിരുന്നു. ജർമ്മൻ പൗരനാണെന്ന് അവകാശപ്പെടുന്ന ഒരാള്‍ നിരവധി ആളുകളില്‍ നിന്നും ഈ രീതിയില്‍ പണം വാങ്ങിയതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും  ഇയാള്‍ക്കെതിരെ കര്‍ശനമായ  നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി. ജർമ്മൻ പൗരനാൽ വഞ്ചിക്കപ്പെട്ട എല്ലാവരും ബന്ധപ്പെട്ട വിവരങ്ങൾ ഉള്‍പ്പെടുത്തി info@kuwa.diplo.de ഇമെയിലില്‍ വിവരങ്ങള്‍ കൈമാറണമെന്ന് എംബസി അഭ്യർത്ഥിച്ചു. 

വിസ ലഭിക്കുവാന്‍ ഒരു സ്ഥാപനത്തെയും ചുമതലപ്പെടുത്തിയിട്ടില്ല.  എംബസിയില്‍ നേരിട്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ചാണ്  വിസകള്‍ അനുവദിക്കുന്നത്.   വിസകള്‍ക്കായി നേരിട്ട് എംബസിയെ സമീപിക്കണമെന്നും ഇത്തരം തട്ടിപ്പുകാരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ കുവൈത്ത് പോലീസിനെ അറിയിക്കണമെന്ന് എംബസ്സി അറിയിച്ചു. ജർമ്മനിയിലെ എമിഗ്രേഷന്‍ സംബന്ധമായ വിവരങ്ങളും ജോലി, പഠന അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍   ഒദ്യോഗിക വെബ്സൈറ്റായ www.make-it-in-germany.com/en/ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.  

Related News