ഫുഡ് ഓൺ വീൽസ് വിപുലപ്പെടുത്തുവാന്‍ ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍.

  • 27/10/2021

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഫുഡ് ഓൺ വീൽസ് വിപുലപ്പെടുത്തുവാന്‍ ഒരുങ്ങി സര്‍ക്കാര്‍. ജാബർ കടല്‍ പാലം വികസന പദ്ധതിയുടെ ഭാഗമായി സുബ്ബിയയില്‍  ഒരുങ്ങുന്ന ഒരു ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പദ്ധതിയില്‍ ഫുഡ് ട്രക്കുകളും ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. നൂറുക്കണക്കിന് വാഹങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള കാർ പാർക്കുകളും നടപ്പാതകളും സൈക്ലിംഗ് ട്രാക്കും റേസിംഗ് ഏരിയയും വിവിധ പരിപാടികള്‍ക്കായുള്ള സ്ഥലങ്ങളും പദ്ധതിയുടെ  ഭാഗമായി തയ്യാറാകും. 

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ഫുഡ് ട്രക്കുകള്‍ സജീവമാകുന്നത്. വലിയ പണച്ചെലവില്ലാതെ തുടങ്ങാനാകുമെന്നു മാത്രമല്ല, ഒരിടത്ത് തിരക്കു കുറഞ്ഞാൽ മറ്റൊരിടത്തേക്കു മാറ്റി പാർക്ക് ചെയ്തു കച്ചവടം പിടിക്കാമെന്നതു ഫുഡ് ട്രക്കിന്റെ സവിശേഷതയാണ്. കെട്ടിടം വാടകയ്ക്കെടുത്തു റസ്റ്ററന്റ് തുടങ്ങുന്നതിനുള്ള വലിയ മൂലധനവും ബുദ്ധിമുട്ടുമൊന്നും ഇതിൽ ആവശ്യമില്ല.  റസ്റ്ററന്റുകളിൽ കയറി കഴിക്കാൻ സമയമില്ലാത്തവർക്ക്  ഫുഡ് ട്രക്ക് പ്രയോജനപ്പെടും.

ഭക്ഷണ പ്രിയര്‍ക്ക് വലിയ ആശ്വാസമാണ് ഫുഡ് ട്രക്കുകള്‍. ഓർഡർ ചെയ്യുന്ന ഭക്ഷണം ചൂടോടെയാണ്  പാകം ചെയ്തു ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഭക്ഷണം പാകം ചെയ്യലും പൊതിഞ്ഞുനൽകലും പണം വാങ്ങലുമെല്ലാം ട്രക്കിനുള്ളിൽ തന്നെ. പുറത്തിറങ്ങി ഒരിടപാടുമില്ല. ഇരിപ്പിടങ്ങളൊന്നുമില്ല. ആഗോള തലത്തില്‍ ഏറെ പ്രശസ്തമാണ് ഇത്തരം ഫുഡ് ട്രക്കുകൾ. നല്ല ഭക്ഷണം താങ്ങാവുന്ന നിരക്കിൽ ആവശ്യക്കാരന് ലഭിക്കുന്നുവെന്നതാണ് കുവൈത്തിലും ഇത്തരം ഫുഡ് ട്രക്കുകൾ ജനകീയമാകുവാന്‍ കാരണം. 

മലയാളികള്‍ ഏറെ തിങ്ങിനിറഞ്ഞ അബ്ബാസിയയില്‍ കഴിഞ്ഞ  രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി ഫുഡ് ട്രക്കുകളാണ് ആരംഭിച്ചത്.  കേരള സ്വാദിഷ്ടമായ കപ്പയും ബീഫും കഞ്ഞിയും സായാഹ്ന കടികളും മലബാര്‍ വിഭവങ്ങളും അടങ്ങുന്ന ഇത്തരം കടകളില്‍ വൈകീട്ടായാല്‍ നല്ല തിരക്കാണ്. എവിടെയും കൊണ്ടുപോകാം, സ്ഥലത്തിന് അനുയോജ്യമായ രീതിയിൽ സെറ്റ് ചെയ്യാം എന്നീ സൗകര്യങ്ങൾ കൊണ്ടാണ് കൂടുതല്‍ പേര്‍ ഫുഡ് ട്രക്ക് ബിസിനസിലേക്ക് ഇറങ്ങാൻ താൽപര്യപ്പെടുന്നത്. റെസ്റ്റോറന്റിന് സമാനമായ രീതിയിൽ വാഹനങ്ങളെ അലങ്കരിച്ച് മികച്ചതും സ്വാദുള്ളതുമായ ഭക്ഷണവുമാണ് ഫുഡ് ട്രക്കുകളിൽ വിളമ്പുക. അറേബ്യൻ വിഭവങ്ങളും സീഫുഡും ഫിഷ് ഇനങ്ങളും വെജിറ്റേറിയൻ വിഭവങ്ങൾക്കും മാത്രമായി   ഫുഡ് ട്രക്കുകളുണ്ട്. വൈകിട്ട് അഞ്ച് മണി  മുതൽ ആരംഭിക്കുന്ന കച്ചവടം അര്‍ദ്ധരാത്രിവരെ തുടരും. വൈകിട്ടു കുടുംബവുമൊന്നിച്ചു നടക്കാനെത്തി രാത്രിയാകുന്നതോടെ വീട്ടിലേക്കു മടങ്ങുന്നവരാണ് പതിവ് പറ്റുകാര്‍. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News