പാകിസ്താന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് യുഎപിഎ; കശ്മീരി വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകില്ലെന്ന് അഭിഭാഷക സംഘടന

  • 31/10/2021



ലഖ്‌നൗ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ടവർക്ക് നിയമസഹായം നൽകില്ലെന്ന് ആഗ്രയിലെ അഭിഭാഷക സംഘടനകൾ. 

ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നിയമസഹായം നൽകില്ലെന്ന് യങ് ലോയേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് നിതിൻ വർമയാണ് അറിയിച്ചത്. ആഗ്രയിൽ പഠിക്കുന്ന മൂന്നു കശ്മീരി വിദ്യാർത്ഥികളെയാണ് യുപി പൊലീസ് ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിൽ 'ദേശവിരുദ്ധ മുദ്രാവാക്യം' ഉയർത്തി എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. 

'പ്രധാനമന്ത്രിയുടെ സ്‌പെഷ്യൽ സ്‌കോളർഷിപ്പ് പദ്ധതി (പിഎംഎസ്എസ്എസ്) വഴിയാണ് ഈ വിദ്യാർത്ഥികൾക്ക് കോളജിൽ അഡ്മിഷൻ കിട്ടിയത്. എന്നാൽ അവർ സ്വന്തം രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു' - നിതിൻ വർമ പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് പകരം വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കുകയായിരുന്നു വേണ്ടിയിരുന്നത് എന്ന് ആഗ്ര അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സുനിൽ ശർമ്മ പറഞ്ഞു.

അഭിഭാഷക സംഘടനകൾ സഹായം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ, വിദ്യാർത്ഥികളുടെ കുടുംബം മറ്റു നഗരങ്ങളിലെ അഭിഭാഷകരുടെ സഹായം തേടി. മഥുരയിൽ നിന്നുള്ള അഡ്വ. മധുവൻ ദത്ത് ചതുർവേദി ഇവർക്ക് വേണ്ടി കോടതിയിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ട്. ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട ഹാത്രസിലേക്ക് പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, 26കാരനായ പിഎച്ച്ഡി ഗവേഷകൻ അതീഖുർ റഹ്‌മാൻ, മസൂദ് അഹ്‌മദ്, മുഹമ്മദ് ആലം എന്നിവർക്കു വേണ്ടി കോടതിയിൽ ഹാജരാകുന്ന അഭിഭാഷകനാണ് ചതുർവേദി. 

വിദ്യാർത്ഥികൾക്കു വേണ്ടി ഉടൻ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് ചതുർവേദി അറിയിച്ചു. 'ആഗ്രയിലെ അഭിഭാഷകർ എന്നോട് വിയോജിച്ചേക്കാം. എന്നാൽ ഈ മഹത്തായ രാഷ്ട്രത്തിലെ ജുഡീഷ്യൽ സംവിധാനത്തിന്റെ മൂല്യങ്ങൾ നിലനിർത്തേണ്ടതുണ്ട്.'- അദ്ദേഹം പറഞ്ഞു. 

വിദ്യാർത്ഥികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രസിഡണ്ട് മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇത്തരം നടപടികൾ യുവാക്കൾക്കിടയിൽ അന്യഥാ ബോധവും അവിശ്വാസവും മാത്രമേ വളർത്തൂവെന്ന് അവർ പറഞ്ഞു.

Related News