നടൻ ജോജു ജോർജ്ജിൽ നിന്ന് കൂടുതൽ മൊഴിയെടുക്കും: മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതിയിൽ നടപടി പിന്നീട്

  • 02/11/2021


കൊച്ചി: ഇന്ധന വിലവർധനയ്ക്ക് എതിരെ കോൺഗ്രസ്നടത്തിയ വഴിതടയൽ സമരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ നടൻ ജോജു ജോർജ്ജിൽ നിന്ന് കൂടുതൽ മൊഴിയെടുക്കും. ഇതിനായി ഇദ്ദേഹത്തെ പൊലീസ് വിളിച്ചുവരുത്തി. സംഭവം നടന്ന സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ആരൊക്കെയാണ് നടനെ ആക്രമിച്ചതെന്ന് കണ്ടെത്താനാണിത്.

ഇന്നലെ നടന്ന അനിഷ്ട സംഭവങ്ങളിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വഴിതടഞ്ഞതിനും നടൻ ജോജുവിന്റെ കാർ തകർത്തതിനുമാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മുൻ കൊച്ചി മേയർ ടോണി ചമ്മണിയടക്കം കണ്ടാലറിയാവുന്നവരെയാണ് പ്രതി ചേർത്തത്. പ്രതികളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇന്ന് ജോജുവിനെ വിളിച്ചുവരുത്തുന്നത്. വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടായെന്നാണ് ജോജുവിന്റെ ആരോപണം.

തന്റെ കാറിന്റെ പുറകിലെ ചില്ല് തകർത്തയാളെ തിരിച്ചറിയാമെന്നും ജോജു പറഞ്ഞിരുന്നു. അതേസമയം മരട് പൊലീസ് സ്റ്റേഷനിൽ മഹിളാ കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തിട്ടില്ല. ജോജു അധിക്ഷേപിച്ചെന്നാരോപിച്ചാണ് വനിതാ പ്രവർത്തകർ പരാതി നൽകിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കണോയെന്ന് തീരുമാനിക്കാമെന്നാണ് മരട് പൊലീസ് നിലപാട്. ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേരുന്ന നേതൃയോഗത്തിന് ശേഷം തുടർ നടപടികളിൽ കോൺഗ്രസ് തീരുമാനമുണ്ടാകും.

ജോജു മദ്യപിച്ചിരുന്നുവെന്നാണ് മഹിളാ കോൺഗ്രസ് ആരോപിച്ചത്. എന്നാൽ പൊലീസിനൊപ്പം പോയ ജോജു ജോർജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടർന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോൺ​ഗ്രസ് പ്രവ‍ർത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുൻപ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

Related News