നടപ്പാതയിലെ ചൂട് കുറക്കാന്‍ ജപ്പാന്‍ സാങ്കേതിക വിദ്യ: കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസമാകും

  • 02/11/2021

കുവൈത്ത് സിറ്റി : മിശ്രിരിഫിലെ നടപ്പാതയിൽ താപനില കുറക്കുന്ന പദ്ധതിക്ക് തുടക്കമായി.പരീക്ഷണാടിസ്ഥാനത്തില്‍ കാല്‍നടപാതയിലാണ് പദ്ധതി നടപ്പിലാക്കിയത്.ജാപ്പനീസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ  ചൂട് ഇൻസുലേറ്റിംഗ് മെറ്റീരിയൽ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ താപനില ഏഴ് മുതൽ പത്ത് ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.  എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയിലേയും  മിഷ്‌റഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേയും  പ്രതിനിധികളുടെയും ജപ്പാൻ അംബാസഡർ മസാറ്റോ ടാക്കോയുടേയും   സാന്നിധ്യത്തിൽ നടപ്പാതയില്‍  നടത്തിയ പരിശോധനയില്‍ ചൂട് 38 ഡിഗ്രി കാണിച്ചപ്പോള്‍ പരമ്പരാഗത റോഡുകളിലെ താപനില 45 ഡിഗ്രി സെൽഷ്യസായിരുന്നു. റോഡിലെ താപനില കുറയ്ക്കുന്നതിനുള്ള സഹകരണം പരിസ്ഥിതി മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഴത്തിലാക്കാൻ സഹായിക്കുമെന്ന് ജപ്പാനിലെ ജപ്പാൻ അംബാസഡർ മസാറ്റോ ടാക്കോ  പറഞ്ഞു. സന്ദർശകരുടെ സൗകര്യാർത്ഥം പാർക്കുകൾ, നടപ്പാതകൾ, വ്യായാമ സ്ഥലങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഈ സാങ്കേതികവിദ്യ ജപ്പാനിൽ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിൽ മാസം മുതലാണ്‌ മിഷ്‌റെഫ് പ്രദേശത്ത് പരീക്ഷണാടിസ്ഥാനത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയത്. അതികഠിനമായ ചൂട് കാലത്ത് ആളുകള്‍ക്ക് ആശ്വാസമേകാന്‍ ഈ ടെക്നോളജി സാധിക്കും. പുതിയ സാങ്കേതികവിദ്യയുടെ സഹായത്താല്‍ 15 മുതല്‍ 20 ശതമാനം വരെ താപനില കുറക്കാന്‍ ഇതിനാകും. മാത്രവുമല്ല റോഡില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകള്‍ വഴി ഓരോ പത്ത് സെക്കന്റിലും താപനില രേഖപ്പെടുത്തുകയും ചെയ്യും. പരീക്ഷണത്തിന്‍റെ ഫലം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപിപ്പിക്കാന്‍ ആലോചനയുണ്ടെന്നും  അധികൃതര്‍ അറിയിച്ചു. 

Related News