ഇന്ധന നികുതി ഇളവ് പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും; മോദിയുടെ നാടകമെന്ന് പ്രതിപക്ഷം

  • 04/11/2021

ന്യൂഡൽഹി: ഇന്ധനനികുതി കുറച്ചുകൊണ്ടുള്ള കേന്ദ്രതീരുമാനത്തിന് പിന്നാലെ വിലകുറയ്ക്കൽ പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. അസ്സം, ത്രിപുര, കർണാടക, മണിപുർ, ഗോവ, ത്രിപുര, ഗുജറാത്ത്, സിക്കിം, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് നികുതി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

ഉത്തർപ്രദേശ്, ഹരിയാന എന്നാ സംസ്ഥാനങ്ങൾ 12 രൂപ വീതവും ഉത്തരാഖണ്ഡ് രണ്ട് രൂപയും ബാക്കി സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവുമാണ് നികുതിയിൽ കുറച്ചത്. അതേസമയം ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് ഇതുവരെ വിലകുറവ് പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഇന്ധനവിലയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്.

പ്രതിപക്ഷം ഭരിക്കുന്ന ഡൽഹി, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, തമിഴ്നാട്, പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുവരെ ഇന്ധനനികുതി കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വില കുറയ്ക്കേണ്ടതില്ലെന്നാണ് ഇടതുസർക്കാർ ഭരിക്കുന്ന കേരളത്തിന്റേയും നിലപാട്. അതേസമയം ഉപതിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ ആന്തരികഫലമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്ധനികുതി കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഇന്ധനനികുതി കുറച്ചതായി ബുധനാഴ്ച രാത്രിയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. കേന്ദ്രപ്രഖ്യാപനത്തിനെതിരേ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിലകുറയ്ക്കാനുള്ള തീരുമാനം ഉപതിരഞ്ഞെടുപ്പിന്റെ ഉപ ഉത്പന്നം എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം അഭിപ്രായപ്പെട്ടത്. പെട്രോളിന്റേയും ഡീസലിന്റേയും വില കത്തിക്കയറാനുള്ള തീരുമാനം അതിന്റെ കൂടിയ നികുതിയാണ്. നികുതി കൂടാനുള്ള കാരണം കേന്ദ്രസർക്കാരിന്റെ അത്യാഗ്രഹമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


Related News