നൂറ്റാണ്ടുകള്‍ക്കുശേഷം അയോധ്യയുടെ പ്രതാപം വീണ്ടെടുത്തു: കേദാർനാഥിൽ പ്രധാനമന്ത്രി

  • 05/11/2021

ന്യൂഡൽഹി: നൂറ്റാണ്ടുകൾക്ക് ശേഷം അയോധ്യ പ്രതാപം വീണ്ടെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അയോധ്യ രാമക്ഷേത്ര നിർമാണം അതിവേഗത്തിൽ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കേദാർനാഥിലെ ആദി ശങ്കരാചാര്യരുടെ പന്ത്രണ്ടടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷം ഉത്തർപ്രദേശിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അതുകൊണ്ടുതന്നെ ഏറെ രാഷ്ട്രീയപ്രാധാന്യം കൽപിക്കപ്പെടുന്നുണ്ട് കേദാർനാഥിലെ പ്രധാനമന്ത്രിയുടെ അയോധ്യാപരാമർശത്തിന്.

പ്രതിമാ അനാച്ഛാദനം ഉൾപ്പടെ കേദാർനാഥിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. 2013ലെ പ്രളയത്തിനുശേഷമുള്ള പുനർനിർമാണ പ്രവൃത്തിയുടെ ഭാഗമായുള്ള അഞ്ച് വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.

ശങ്കരാചാര്യർ ഭഗവാൻ ശിവന്റെ പ്രതിരൂപമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശങ്കരാചാര്യർ രാജ്യത്തിന്റെയും ലോകത്തിന്റെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ വേദങ്ങളും ഉപനിഷത്തുകളും സ്വായത്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇത്തരം സന്യാസിവര്യൻമാരുടെ ആശയങ്ങൾ പിന്തുടർന്നാണ് രാജ്യം മുന്നോട്ട് പോകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തശേഷം പ്രധാനമന്ത്രി കുറച്ചുനേരം ധ്യാനനിരതനായിരുന്നു. ഈ അനുഭവം വിവരിക്കാൻ കഴിയാത്തതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

കേദാർനാഥിൽ നടക്കുന്ന പരിപാടികളുടെ തുടർച്ചയെന്നോണം രാജ്യത്തുടനീളം വിവിധ ഭാഗങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിലും ജ്യോതിർലിംഗങ്ങളിലും ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലും പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനമന്ത്രി കേദാർനാഥിൽ നടത്തിയ പ്രസംഗം ഇവിടങ്ങളിൽ തത്സമയം പ്രദർശിപ്പിച്ചിരുന്നു. ബിജെപി നേതാക്കൾ, കേന്ദ്ര മന്ത്രിമാർ എന്നിവർ ഉൾപ്പടെ നിരവധി പേർ ഈ പരിപാടികളിൽ പങ്കെടുത്തു.


Related News