തെറ്റായ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജോലി നേടി: വാംഖഡേയ്ക്കെതിരേ പരാതി നൽകി രണ്ട് ദളിത് സംഘടനകൾ

  • 05/11/2021


മുംബൈ: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡേയ്ക്കെതിരേ പരാതി നൽകി രണ്ട് ദളിത് സംഘടനകൾ. തെറ്റായ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് വാംഖഡേ സർക്കാർ ജോലി നേടിയതെന്നാണ് പരാതിയിൽ പറയുന്നത്.

സ്വാഭിമാനി റിപ്പബ്ലിക്കൻ പാർട്ടി, ഭീം ആർമി എന്നീ സംഘടനകളാണ് പരാതി നൽകിയത്. എസ്.സി. വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്ന് കാണിക്കുന്ന വ്യാജ ജാതി സർട്ടിഫിക്കറ്റ് സർക്കാർ ജോലി ലഭിക്കാനായി വാംഖഡേ സമർപ്പിച്ചെന്നാണ് ഇവർ പരാതിയിൽ ആരോപിച്ചു.

കുറച്ചു ദിവസം മുൻപ് മഹാരാഷ്ട്രാമന്ത്രിയും എൻ.സി.പി. നേതാവുമായ നവാബ് മാലിക്കും വാംഖഡേയ്ക്ക് എതിരെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. വാംഖഡേയുടെ മതത്തെ കുറിച്ചല്ല താൻ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്നും ഐ.ആർ.എസ്. ലഭിക്കുന്നതിന് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്താൻ കാണിച്ച തട്ടിപ്പുകളിലേക്ക് വെളിച്ചം വീശാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അന്ന് മാലിക് പറഞ്ഞത്. വാംഖഡേ അങ്ങനെ ചെയ്തതിലൂടെ എസ്.സി. വിഭാഗത്തിൽപ്പെട്ട, അർഹരായ ഒരാളുടെ അവസരം നിഷേധിച്ചുവെന്നും മാലിക് ആരോപിച്ചിരുന്നു.

വാംഖഡേയുടെ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പും പിന്നീട് ട്വിറ്ററിലൂടെ നവാബ് മാലിക്ക് പങ്കുവെച്ചിരുന്നു. മുസ്ലിമായി ജനിച്ച വാംഖഡേയ്ക്ക് എസ്.സി. വിഭാഗത്തിലൂടെ ഐ.ആർ.എസിൽ പ്രവേശിക്കാൻ സാധിക്കില്ലെന്നായിരുന്നു ഇതിലൂടെ മാലിക് ഉയർത്തിയ വാദം. വാംഖഡേയുടെ പിതാവ് ദളിത് കുടുംബത്തിൽ ജനിച്ചയാളാണെന്നും മുസ്ലിം വനിതയെ വിവാഹം കഴിക്കാൻ ആ മതത്തിലേക്ക് ചേരുകയും ദാവൂദ് എന്ന പേര് സ്വീകരിക്കുകയുമായിരുന്നു എന്നാണ് മാലിക് പറയുന്നത്.

Related News