എയർ ആംബുലൻസ് വഴി 4500 ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം

  • 07/11/2021

കുവൈത്ത് സിറ്റി : എയർ ആംബുലൻസും മെഡിക്കൽ ഇവാക്വേഷൻ സർവീസും വഴി ഇതുവരെയായി 4500 ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2015 ന്‍റെ ആദ്യ പാദത്തിലാണ് മെഡിക്കൽ സേവനങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുവാന്‍ ആരംഭിച്ചത്. അപകടസ്ഥലങ്ങളിൽ നിന്ന് രോഗികളെ ആരോഗ്യ  കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനും ആംബുലൻസുകൾക്ക് എത്തിച്ചേരാനാകാത്ത മരുഭൂമിയിലും അതിർത്തി പ്രദേശങ്ങളിലും രോഗികളെ രക്ഷിക്കുന്നതിനുമാണ്  എയർ ആംബുലൻസ് സംവിധാനം കുവൈത്തില്‍ ഉപയോഗിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി .

അടിയന്തരമായ ചികത്സ ആവശ്യമായ  രോഗികളെ  ഒരിടത്ത്  നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ രോഗിക്ക് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് എയര്‍ ആംബുലന്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.അടിയന്തിര ശാസ്ത്രക്രിയകള്‍ക്കും വിദഗ്ധ ചികിത്സക്കും രോഗികളെ ആശുപത്രിയില്‍  നിന്നും മറ്റു  ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാരുണ്ട്.

ആരോഗ്യം, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ, കുവൈറ്റ് ഫയർ ഫോഴ്സ്  എന്നി മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് എയർ ആംബുലൻസ് സര്‍വീസ് നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. രാജ്യത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നും കുവൈത്തിലെ ആരോഗ്യ രംഗത്തെ നാഴികക്കല്ലാണ് ഈ സൗകര്യമെന്നും അൽ സബാ ഹെൽത്ത് ഡിസ്ട്രിക്ട് എയർ ആംബുലൻസ് സെന്റർ ചെയർമാൻ നാസർ അൽ സർഹാൻ പറഞ്ഞു.  ഒരു  ജെറ്റ് വിമാനവും രണ്ട് എയർ ആംബുലൻസും 65 മെഡിക്കൽ തൊഴിലാളികളുമാണ്   എമര്‍ജന്‍സി കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്. 

ഹെലികോപ്റ്ററില്‍  മാറ്റങ്ങള്‍ വരുത്തിയാണ് എയര്‍ ആംബുലന്‍സ് ഉണ്ടാക്കിയിരിക്കുന്നത്,രണ്ടു പൈലെറ്റ് മാരെയും മൂന്നു പരാ മെഡിക്കല്‍ ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ സൌകര്യം ഉള്ളതാണ് ഇതു.തീവ്ര പരിചരണ സൌകര്യവും ഒരു സ്ട്രെക്ചെരും ഉണ്ടാവും.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ  (ഡി ജി സി എ) നിര്‍ദേശ പ്രകാരം സ്വകാര്യ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് എയര്‍   ആംബുലന്‍സ് സര്‍വീസ് നടത്തുന്നത്.ആരോഗ്യ മന്ത്രാലയവും കമ്പനിയും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം അപകടങ്ങളിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി 15 മിനിറ്റിനുള്ളിൽ എയർ ആംബുലൻസ് സ്ഥലത്തെത്തണമെന്ന് അധികൃതര്‍ അറിയിച്ചു. 

Related News