'നടനെ ചവിട്ടിയാൽ 1001 രൂപ സമ്മാനം', വിദ്വേഷ പ്രചാരണവുമായി ഹിന്ദു മക്കൾ കക്ഷി

  • 08/11/2021

ചെന്നൈ: നടൻ വിജയ് സേതുപതിയെ ചവിട്ടിയാൽ പണം തരാമെന്ന വിദ്വേഷപ്രസ്താവനയുമായി തീവ്രഹിന്ദു സംഘടനയായ ഹിന്ദു മക്കൾ കക്ഷി. വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ പാരിതോഷികം തരാമെന്നാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. തേവർ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവർ അയ്യയെ നടൻ അപമാനിച്ചെന്നാണ് ഹിന്ദു മക്കൾ കക്ഷി ആരോപിക്കുന്നത്. തേവർ സമുദായത്തിന്‍റെ ഉന്നതനേതാവായിരുന്നു പാസുംപൺ മുത്തുരാമലിംഗ തേവർ.


തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാൽ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവർ അയ്യ എന്നാൽ കാൾ മാർക്സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്. ഇതിൽ പ്രകോപിതരായാണ് ഹിന്ദുമക്കൾ കക്ഷിയുടെ വിവാദപ്രസ്താവന. 

ഈയാഴ്ച ആദ്യം വിജയ് സേതുപതിയുടെ സംഘത്തെ ബെംഗളുരു വിമാനത്താവളത്തിൽ വച്ച് യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങളുടെ ഒരു സ്ക്രീൻഷോട്ടടക്കമുള്ള പോസ്റ്ററാണ് അർജുൻ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹിന്ദു മക്കൾ കക്ഷിയുടെ ട്വിറ്റർ ഹാൻഡിൽ പുറത്തുവിട്ടിരിക്കുന്നത്. ''വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് അർജുൻ സമ്പത്ത് പണം പാരിതോഷികമായി നൽകുമെന്ന് പ്രഖ്യാപിക്കുന്നു. തേവർ അയ്യയെ അപമാനിച്ചതിനാണിത്. 1 കിക്ക് = 1001 രൂപ. ആർക്കും നൽകും. മാപ്പ് പറയുംവരെ തല്ലണം'', എന്ന് അർജുൻ സമ്പത്ത്.

വിജയ് സേതുപതിയെ വിമാനത്താവളത്തിൽ വച്ച് ചവിട്ടാൻ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി സംസാരിച്ചുവെന്നാണ് അർജുൻ സമ്പത്ത് പറയുന്നത്. മഹാഗാന്ധിയോട് പരിഹാസരൂപേണ സംസാരിച്ചതിനാണ് മഹാഗാന്ധി എന്നയാൾ വിജയ് സേതുപതിയെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് അർജുൻ സമ്പത്തിന്‍റെ പക്ഷം.

ദേശീയ അവാർഡ് ലഭിച്ചതിന് വിജയ് സേതുപതിയെ അഭിനന്ദിക്കാനാണ് മഹാഗാന്ധി ചെന്നത്. എന്നാൽ ഇതൊരു രാജ്യമാണോ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി. തെക്കൻ ജില്ലകളിൽ നിന്നാണല്ലോ താങ്കൾ എന്ന് പറഞ്ഞ് മഹാഗാന്ധി വിജയ് സേതുപതിയെ പാസുംപൺ മുത്തുരാമലിംഗ തേവർ അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിച്ചു. എന്നാൽ തന്‍റെ ദേവൻ (തേവർ) ജീസസ് മാത്രമാണെന്നും വിജയ് സേതുപതി പറഞ്ഞെന്നാണ് ആരോപണം. 

എന്നാൽ വിജയ് സേതുപതി ഇങ്ങനെ സംസാരിച്ചോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. ഹിന്ദുമക്കൾ കക്ഷിയുടെ ആരോപണം മാത്രമാണിത്. 

Related News