ഗുജറാത്ത് തീരത്ത് മത്സ്യബന്ധനത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം; 10 പാക് നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

  • 08/11/2021


ന്യൂ ഡെൽഹി: ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പത്ത് പാകിസ്ഥാന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. പാക് വെടിവയ്പില്‍ ഇന്ത്യക്കാരനായ മത്സ്യബന്ധനത്തൊഴിലാളി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേസ് എടുത്തത്.

പോര്‍ബന്ദര്‍ നവി ബന്ദാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.  അന്താരാഷ്ട്ര സമുദ്രാതിർത്തിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് പാക് വെടിവയ്പുണ്ടായത്. വെടിവയ്പില്‍ പരിക്കേറ്റ ദിലീപ് നടു സോളങ്കി എന്ന മത്സ്യബന്ധനത്തൊഴിലാളിയുടേ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ശ്രീധര്‍ രമേഷ് ചാംറേ എന്ന മുപ്പത്തിരണ്ടുകാരനാണ് പാക് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ജല്‍പരി എന്ന മത്സ്യബന്ധന ബോട്ടിന് നേരെയാണ് വെടിവയ്പുണ്ടായത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരില്‍ ഒരാള്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിലെ ഓഖയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാളുള്ളത്. ഗുജറാത്ത് തീരത്ത് നിന്ന് ഒക്ടോബര്‍ 26നായിരുന്നു ജല്‍പരി പുറപ്പെട്ടത്. ജകൌ തീരത്തിന് സമീപത്ത് വച്ച് പാക് നാവിക സേന ഇവരെ പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട ശ്രീധര്‍ മൃതദേഹം ജമ്നാനഗറില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി എത്തിച്ചിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളും പ്രായമായ രക്ഷിതാക്കള്‍ക്കുമൊപ്പമായിരുന്നു ശ്രീധര്‍ കഴിഞ്ഞിരുന്നത്.

അതേസമയം മറ്റൊരു മത്സ്യ ബന്ധന ബോട്ടില്‍ നിന്ന് ആറുപേരെ പാക് നാവിക സേന പിടികൂടിയതായി പോര്‍ബന്ദറിലെ മത്സ്യത്തൊഴിലാളി നേതാവ് മനീഷ് ലോഡ്ഹരി ആരോപിച്ചു. ശ്രീ പദ്മിനി എന്ന ബോട്ടും പാക് നാവിക സേന പിടിച്ചെടുത്തതായാണ് പരാതി. ജല്‍പരി എന്ന ബോട്ടും ശ്രീ പദ്മിനിയും ഒരുമിച്ചായിരുന്നു ജകൌ തീരത്തോടടുത്ത് മീന്‍ പിടിച്ചിരുന്നതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നേരത്തെയും ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാകിസ്ഥാൻ വെടിവച്ചിട്ടുണ്ട്. 2015 നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലും പാക് നാവികസേന നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.

Related News