മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ

  • 08/11/2021

ദില്ലി: ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സർക്കാർ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഗുജറാത്ത് തീരത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ പാക്ക് വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. പാക്ക് നാവിക ഉദ്യോഗസ്ഥൻ വെടിവച്ചുവെന്നാണ് നിഗമനം. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നത്. 

ഗുജറാത്തിലെ ഓഖയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ജൽപാരിയെന്ന ബോട്ടിന് നേരെയാണ് ആക്രമണം നടന്നത്. ബോട്ടിൽ ഏഴ് മത്സ്യതൊഴിലാളികളാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ സുരക്ഷിതമായി തിരികെ എത്തിച്ചു. അവരിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിയുകയാണ്. സംഭവത്തിൽ പത്ത് പാക് നാവികർക്ക് എതിരെ ഗുജറാത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. 
 
എന്നാൽ അതേ സമയം, ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിവച്ചെന്ന റിപ്പോർട്ടുകൾ പാകിസ്ഥാൻ നിഷേധിച്ചു. ജൽപാരി എന്ന ബോട്ടിനെയോ വെടിവെപ്പിനെയോ കുറിച്ച് അറിയില്ലെന്ന് പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി. മത്സ്യതൊഴിലാളികൾക്ക് നേരെ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിലെ പ്രതിഷേധം നയതന്ത്രതലത്തിൽ ഉന്നയിക്കുമെന്ന ഇന്ത്യയുടെ പ്രതികരണത്തിന് പിന്നാലെയാണ് പാക് വിശദീകരണം. 

നവംബർ ആറിന് അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ പത്മിനി കോപ്പ് എന്ന് ഇന്ത്യൻ ബോട്ടും 7 മത്സ്യത്തൊഴിലാളികളും കസ്റ്റഡിയിൽ ഉണ്ടെന്നും ജൽപാരി എന്ന ബോട്ടിനെ കുറിച്ചോ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതിനെ കുറിച്ചോ വിവരം ഇല്ലെന്നുമാണ് പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെ വാദം. എന്നാൽ പാക് വിശദീകരണം ഇന്ത്യ മുഖവിലയ്ക്കെടുക്കുന്നില്ല

Related News