രാജ്യ തലസ്ഥാനത്തിന് ചെറിയൊരു ആശ്വാസം; അന്തരീക്ഷ മലിനീകരണം ഗുരുതര വിഭാത്തിൽ നിന്ന് വളരെ മോശം വിഭാഗത്തിലെത്തി

  • 08/11/2021


ന്യൂ ഡെൽഹി: രാജ്യ തലസ്ഥാനത്തിന് ചെറിയൊരു ആശ്വാസം. അന്തരീക്ഷ മലിനീകരണം ഗുരുതര വിഭാത്തിൽ നിന്ന് വളരെ മോശം വിഭാഗത്തിലെത്തി. വായുനിലവാരസൂചിക ഇപ്പോൾ 372 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ അത് 450ന് മുകളിൽ ആയിരുന്നു

ദീപാവലിയുടെ പിറ്റേന്ന് ഡെൽഹിയിലും പ്രാന്തപ്രദേശങ്ങളും കടുത്ത മൂടൽമഞ്ഞ് പോലുള്ള പുക കൊണ്ട് മൂടിയ നിലയിലായിരുന്നു. സംസ്ഥാനസർക്കാർ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും അർദ്ധരാത്രി വരെ ആളുകൾ പടക്കം പൊട്ടിക്കുന്നത് തുടർന്നതാണ് ​ഗുരുതര പ്രശ്നത്തിന് കാരണമായത്. കേന്ദ്രമലിനീകരണ നിയന്ത്രണബോർഡ് പുറത്തുവിട്ട കണക്ക് പ്രകാരം ഡെൽഹിയിലെ എല്ലാ വായുമലിനീകരണ നിരീക്ഷണകേന്ദ്രങ്ങളിലും വായുനിലവാരസൂചിക അന്ന് 450-ന് മുകളിലായിരുന്നു. 

തണുപ്പും, കാറ്റിന്‍റെ വേഗതക്കുറവും മലിനീകരണത്തോത് കൂട്ടി. വായുഗുണനിലവാരസൂചിക 301 മുതൽ 400 വരെയായാൽ വളരെ മോശം സ്ഥിതിയെന്നും, 401 മുതൽ 500 വരെ ഗുരുതരാവസ്ഥയെന്നുമാണ് മലിനീകരണനിയന്ത്രണബോർഡിന്‍റെ കണക്ക്. 

ഒക്ടോബർ 27 മുതൽ ദീപാവലിക്ക് മുന്നോടിയായി ഡെൽഹി സർക്കാർ 'പടക്കമല്ല, ദീപങ്ങൾ തെളിയിക്കൂ' എന്ന പ്രചാരണപരിപാടിയടക്കം തുടങ്ങിയിരുന്നു. പടക്കം പൊട്ടിക്കുന്നവർക്കെതിരെ എക്സ്പ്ലോസീവ്സ് ആക്ടും മറ്റ് ഐപിസി ചട്ടങ്ങളും പ്രകാരം കേസെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതുവരെ സർക്കാർ 13,000 കിലോ അനധികൃത പടക്കങ്ങൾ പിടിച്ചെടുക്കുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

ഹരിയാനയടക്കമുള്ള സമീപസംസ്ഥാനങ്ങളിൽ വയലുകളിൽ വിളവെടുപ്പ് കഴിഞ്ഞ് വ്യാപകമായി വൈക്കോൽ കത്തിക്കുമ്പോൾ ഡെൽഹിയിലടക്കം വായുമലിനീകരണത്തോത് കുത്തനെ കൂടാറുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെത്തന്നെ ഡെൽഹിയിലെ വായുനിലവാര സൂചിക വളരെ മോശം അവസ്ഥയിലേക്ക് മാറി. തണുപ്പുകാലത്തിന് മുന്നോടിയായി ആദ്യത്തെ മഞ്ഞ് മൂടിയ രാവിലെയായിരുന്നു വ്യാഴാഴ്ച. 

പടക്കങ്ങൾ പൊട്ടിച്ചില്ലെങ്കിൽ പോലും ഡെൽഹിയിലെ വായുനിലവാര സൂചിക ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് 'സഫർ' മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പടക്കം പൊട്ടിക്കുക കൂടി ചെയ്തത് സ്ഥിതി വഷളാക്കുകയായിരുന്നു

Related News