കൊറോണ ചികിത്സയ്ക്ക് മോള്‍നുപിരാവിര്‍ ഗുളിക: ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി ഉടന്‍ നല്‍കിയേക്കും

  • 11/11/2021

ന്യൂഡെൽഹി: കൊറോണ ചികിത്സിയ്ക്കുള്ള മോൾനുപിരാവിർ ഗുളികയുടെ ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് ഉടൻ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽ മോൾനുപിരാവിർ ഗുളികയുടെ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സി.എസ്.ഐ.ആർ ചെയർമാൻ ഡോ. രാം വിശ്വകർമയെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ലക്ഷണങ്ങളോടെ കൊറോണ രൂക്ഷമാകുന്നവർക്കോ ആശുപത്രി ചികിത്സ വേണ്ടുന്നവർക്കോ ആവും മോൾനുപിരാവിർ ഗുളിക നൽകുക. കൊറോണ, ലോകം മുഴുവൻ വ്യാപിക്കുന്ന ഒരു മാഹാമാരി എന്നതിൽ നിന്ന് പ്രാദേശികമായി വ്യാപിക്കുന്ന ഒരു രോഗത്തിലേക്ക് ചുരുങ്ങുന്ന ഘട്ടത്തിൽ വാക്സിനേഷനേക്കാൾ പ്രാധാന്യം ഇത്തരം ഗുളികകൾക്കാണ്. അഞ്ച് കമ്പനികൾ മോൾനുപിരാവിർ ഉത്പാദകരുമായി ചർച്ച നടത്തിക്കഴിഞ്ഞു. 

ഏത് ദിവസം വേണമെങ്കിലും മോൾനുപിരാവിറിന് അനുമതി ലഭിച്ചേക്കാം. കൊറോണ വൈറസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് ഇത്. മോൾനുപിരാവിർ ഗുളികയ്ക്ക് തുടക്കത്തിൽ 2000 മുതൽ 4000 വരെയാവും ചെലവ്. പിന്നീട് അത് കുറയും. ഫൈസർ കമ്പനിയുടെ പാക്സ്ലോവിഡ് ഗുളികയ്ക്ക് അനുമതി ലഭിക്കുന്നത് അൽപം കൂടി സമയമെടുത്തേക്കും.

പാക്സ്ലോവിഡ് ഗുളികയുടെ ഉപയോഗം കൊറോണ മരണസാധ്യതയോ ആശുപത്രി ചികിത്സയോ 89 ശതമാനം വരെ കുറയ്ക്കുന്നുവെന്നാണ് ഫൈസർ ക്ലിനിക്കൽ ട്രയലിനു ശേഷം അവകാശപ്പെടുന്നത്.

മോൾനുപിരാവിർ എന്നറിയപ്പെടുന്ന ഗുളിക മെർക്ക് യു.എസ്, റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സ് എന്നീ കമ്പനികൾ ചേർന്നാണ് വികസിപ്പിച്ചിരിക്കുന്നത്. ഒരു ഓറൽ ആന്റിവൈറൽ മരുന്നാണ് ഇത്. കൊറോണ ഗുരുതരമാവാൻ സാധ്യതയുള്ള പ്രായപൂർത്തിയായ രോഗികളിൽ ഈ ഗുളിക ഉപയോഗം വഴി ആശുപത്രി വാസവും മരണനിരക്കും പകുതിയായി കുറയ്ക്കാനാകുമെന്ന് നിർമ്മാതാക്കൾ പറയുന്നു. 

വാക്സിനേഷൻ നിരക്ക് കുറവുള്ള രാജ്യങ്ങളിൽ ഈ ഗുളിക മികച്ച ഫലം ചെയ്യുമെന്നാണ് നിർമ്മാതാക്കൾ എഫ്.ഡി.എ അനുമതിക്ക് സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. മോൾനുപിരാവിർ ഗുളികയുടെ ഉപയോഗം വ്യാപകമാവുന്നത് കൊറോണ ചികിത്സയിൽ നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News