സുരക്ഷാപരിശോധന ശക്തമാക്കി കുവൈത്ത്;പിടികൂടുന്ന താമസ നിയമ ലംഘകര്‍ക്ക് ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് 5 വര്‍ഷത്തെ പ്രവേശനവിലക്ക്

  • 12/11/2021

കുവൈത്ത് സിറ്റി : അനധികൃത താമസക്കാര്‍ക്കെതിരെ ശക്തമായ നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. താമസ നിയമലംഘകരെ പിടികൂടുന്നതിനും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും എത്രയും വേഗം അവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനുമുള്ള വിപുലമായ കാമ്പയിന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ സമയത്ത് മാനുഷിക വശം കണക്കിലെടുത്ത് തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു, 

രാജ്യത്ത്  കൊവിഡ് രോഗികള്‍ ഏറെ കുറഞ്ഞ സാഹചര്യത്തിലാണ് തിരച്ചില്‍ ശക്തമാക്കുവാന്‍ മന്ത്രാലയം വീണ്ടും തീരുമാനിച്ചത്. കുവൈത്തില്‍ ഏകദേശം 160,000 അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതില്‍ സന്ദർശക വിസയില്‍ വന്ന് വിസ കാലാവധി കഴിഞ്ഞവരും ഉള്‍പ്പെടും. അതിനിടെ റസിഡൻസി നിയമം ലംഘിച്ചവര്‍ക്ക് ഇപ്പോള്‍  പിഴയടച്ച് രാജ്യം വിടാമെന്നും അങ്ങനെ പോകുന്നവര്‍ക്ക് നിയമാനുസൃതമായി പുതിയ വിസയില്‍ തിരികെ വരാമെന്നും അധികൃതര്‍ പറഞ്ഞു. 

മുന്നറിയിപ്പ് വകവെക്കാതെ രാജ്യത്ത് തുടരുന്ന താമസ നിയമ ലംഘകരെ പിടികൂടിയാല്‍ വിരലടയാളം രേഖപ്പെടുത്തി നാടുകടത്തുമെന്നും അത്തരം പ്രവാസികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നത് ആജീവനാന്തം വിലക്കും മറ്റ് ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് 5 വർഷത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. 

Related News