സമാജ് വാദി പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് ഷാ; യുപിയെ മാഫിയകളിൽ നിന്നും രക്ഷിച്ചത് യോഗി

  • 13/11/2021



ന്യൂ ഡെൽഹി: സമാജ് വാദി പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് ഷാ. ഉത്തര്‍പ്രദേശില്‍ നടന്ന പൊതുയോഗത്തിലാണ് അമിത് ഷായുടെ വിമര്‍ശനം. ബിജെപി ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവക്കൊപ്പം നില്‍ക്കുമ്പോള്‍ എസ്പി ജിന്ന, അസം ഖാന്‍, മുഖ്താര്‍ അന്‍സാരി എന്നിവരോടൊപ്പമാണെന്ന് അമിത് ഷാ പറഞ്ഞു. പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദി ജിന്നയെ അഖിലേഷ് യാദവ് പുകഴ്ത്തുകയാണെന്നും തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ജിന്നയെ മഹദ് വ്യക്തിയായി അഖിലേഷ് കാണുകയാണെന്നും അമിത് ഷാ പറഞ്ഞു.

മുസ്ലിം പ്രീണനത്തിനായി അഖിലേഷ് മതം മാറിയേക്കുമെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ആരോപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അമിത് ഷാ പ്രശംസിച്ചു. പൂര്‍വാഞ്ചലിനെ മാഫിയകളില്‍ നിന്നും കൊതുകുകളില്‍ നിന്നും യോഗി മോചിപ്പിച്ചെന്നും അമിത് ഷാ പറഞ്ഞു. മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയാണ് യോഗി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയില്‍ ജാതീയത, പക്ഷഭേതം, പ്രീണനം എന്നിവ ഇല്ലാതാക്കിയെന്നും അമിത് ഷാ പ്രശംസിച്ചു. 2015ന് മുമ്പ് സംസ്ഥാനത്തിന്റെ എക്കോണമി ആറാമതായിരുന്നു. ഇപ്പോള്‍ രണ്ടാമതാണ്.

അഖിലേഷ് യാദവിന്റെ ഭരണത്തില്‍ അസംഗഢ് തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്നെങ്കില്‍ ഇപ്പോള്‍ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ദോയി റാലിയിലാണ് അഖിലേഷ് യാദവ് മുഹമ്മദലി ജിന്നയെ മഹാത്മാഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവരുമായി ഉപമിച്ചത്. ഇവരെല്ലാം ഒരേ സ്ഥാപനത്തില്‍ പഠിച്ചവരാണെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നവരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Related News