യുവാക്കളെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നു: ബിറ്റ്കോയിന്‍ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം വേണമെന്നു കേന്ദ്രം

  • 13/11/2021



ന്യൂ ഡെൽഹി: ബിറ്റ്കോയിന്‍ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കു രാജ്യത്തു നിയന്ത്രണം വേണമെന്നു കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ യുവാക്കളെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്നു യോഗം വിലയിരുത്തി. അമിത വാഗ്ദാനത്തിലൂടെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ തടയേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചർച്ചയായി.

അനിയന്ത്രിതമായ ക്രിപ്‌റ്റോ മാർക്കറ്റുകള്‍ കള്ളപ്പണം വെളുപ്പിക്കലിനും ഭീകര പ്രവർത്തനത്തിനു ധനസഹായം നൽകുന്നതിനുമുള്ള വഴികളാകാൻ അനുവദിക്കാനാകില്ലെന്നും യോഗം ചർച്ച ചെയ്തു. ഇതേക്കുറിച്ചു സൂക്ഷ്മമായി നിരീക്ഷിക്കുകയും സജീവമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നു യോഗം വ്യക്തമാക്കി.

ക്രിപ്‌റ്റോ കറൻസികൾ അനുവദിക്കുന്നതിനെതിരെ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ബുധനാഴ്ച രംഗത്തെത്തിയിരുന്നു. ഒരു കേന്ദ്രീകൃത ബാങ്ക് നിയന്ത്രിക്കാനില്ലാത്തതിനാൽ ഏതു സാമ്പത്തിക വ്യവസ്ഥയ്ക്കും അവ ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.

Related News