ഭീകരാക്രമണം: രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവില്ലെന്ന് മോദിസര്‍ക്കാര്‍ വീണ്ടും തെളിയിച്ചു- രാഹുല്‍

  • 14/11/2021

ന്യൂഡൽഹി: മണിപ്പുരിൽ അസം റൈഫിൾസ് സംഘത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ സംഭവത്തിലൂടെ, രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവില്ലെന്ന് മോദി സർക്കാർ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

മോദി സർക്കാരിന് രാജ്യത്തെ സംരക്ഷിക്കാനുള്ള ശേഷിയില്ലെന്ന് വീണ്ടും തെളിയിക്കുന്നതാണ് മണിപ്പുരിൽ സൈനിക സംഘത്തിനു നേർക്കുണ്ടായ ഭീകരാക്രമണം. വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. രാജ്യം നിങ്ങളുടെ ത്യാഗത്തെ സ്മരിക്കും, രാഹുൽ ട്വീറ്റിൽ വ്യക്തമാക്കി.

മണിപ്പുരിൽ മ്യാൻമാർ അതിർത്തിയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികരുൾപ്പെടെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. 46 അസം റൈഫിൾസ് കമാൻഡിങ് ഓഫീസർ കേണൽ വിപ്ലബ് ത്രിപാഠിയും കുടുംബവും സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ത്രിപാഠിയും ഭാര്യയും ആറുവയസ്സുകാരനായ മകനും സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്നു സൈനികരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ പത്തോടെ ചുരാചന്ദ്പുർ ജില്ലയിലെ സിംഗാട്ട് സബ് ഡിവിഷനിലായിരുന്നു സംഭവം. പരിക്കേറ്റ സൈനികരെ ഇംഫാലിലേക്ക് മാറ്റിയിട്ടുണ്ട്.


Related News