രാജ്യതലസ്ഥാനത്തെ വായുമലിനീകരണം: വര്‍ക്ക് ഫ്രം ഹോം പരിഗണിക്കണം; നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി

  • 15/11/2021



ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. ഡെൽഹിയിലും പരിസര പ്രദേശത്തുമുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുന്ന കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. കർഷകർ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും കോടതി പറഞ്ഞു.

വായുമലിനീകരണം കുറയ്ക്കുന്ന വിഷയത്തിൽ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാനങ്ങളുടെയും മറ്റ് ബന്ധപ്പെട്ട അതോറിറ്റികളുടെയും അടിയന്തരയോഗം വിളിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശം നൽകുകയും ചെയ്തു. 

ഉത്തർ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് യോഗത്തിൽ പങ്കെടുക്കാനും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

വിഷയത്തിൽ ഡെൽഹി സർക്കാരിനെതിരേ കോടതി രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്തെ വായുമലിനീകരണം പ്രതിസന്ധിയാണെന്നും ദീർഘകാല ലക്ഷ്യങ്ങൾക്കു പകരം അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും കോടതി ഡെൽഹി സർക്കാരിനോടു നിർദേശിച്ചു.

Related News