ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിലിൽ അറബ് ലീഗിന് സ്ഥിരം പ്രാതിനിധ്യം നല്‍കണമെന്ന് കുവൈത്ത്

  • 16/11/2021

കുവൈത്ത് സിറ്റി : ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിലിൽ അറബ് ലീഗിന്  സ്ഥിരം പ്രാതിനിധ്യം നല്‍കണമെന്ന് കുവൈത്ത് യു.എന്നില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎൻ ജനറൽ അസംബ്ലിക്ക് മുമ്പാകെ 'സെക്യൂരിറ്റി കൗൺസിലിലെ അംഗത്വം; തുല്യ പ്രാതിനിധ്യത്തവും  വർദ്ധനവും ' മെന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ്  കുവൈത്ത് യുഎൻ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഒതൈബി പുതിയ ആവശ്യം അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചത്.  

മേഖലയുടെ കെട്ടുറപ്പും സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്തുകയാണ് അറബ് ലീഗിന്‍റെ  നയമെന്ന് മൻസൂർ അൽ ഒതൈബി പറഞ്ഞു. കൊറോണ മഹാമാരിയുടെ വ്യാപനം മൂലം പ്രയാസകരമായ സാഹചര്യതിലൂടെ ലോകം കടന്നുപോകുന്ന ഘട്ടത്തില്‍  യു.എന്നിലെ പ്രധാനപ്പെട്ട മൂന്ന് വേദികള്‍ക്കും കാലാനുസൃതമായ മാറ്റങ്ങളും പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് അൽ ഒതൈബി പറഞ്ഞു. യുഎൻ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള പൊതുസഭയുടെ പ്രഖ്യാപനത്തിലും യുഎൻ സെക്രട്ടറി ജനറലിന്‍റെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

സുരക്ഷാ കൗൺസിൽ വിപുലീകരിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ധാരണയിലെത്താനുള്ള ഏക വേദി സമവായ ചര്‍ച്ചകളാണെന്നും സുരക്ഷാ സമിതിയിലെ  സ്ഥിരം അംഗത്വത്തില്‍  ഭൂമിശാസ്ത്രപരവും പ്രാദേശികവുമായ രാജ്യങ്ങള്‍  ന്യായമായും ഉചിതമായും പ്രതിനിധീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും ജനറൽ അസംബ്ലിയോട്  അൽ ഒതൈബി ആവശ്യപ്പെട്ടു. 400 ദശലക്ഷത്തിലധികം ആളുകളെയും 22 രാജ്യങ്ങളും ഉള്‍ക്കൊള്ളുന്ന അറബ് ലീഗ് ലോകത്തിലെ 12 ശതമാനത്തോളം പ്രതിനിധീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി, യുഎൻഎസ്‌സിയുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. യുഎൻ സുരക്ഷാ സമിതിയില്‍  സ്ഥിരവും സ്ഥിരമല്ലാത്തതുമായ അംഗങ്ങളാകുന്ന മാതൃക ജനാധിപത്യപരമല്ലെന്ന് രാജ്യങ്ങൾ പറയുന്നു. സ്ഥിരം അംഗങ്ങൾക്ക് വിവേചനപരമായ പ്രത്യേക അധികാരങ്ങൾ ലഭിച്ചിട്ടുണ്ട്.അറബ് ലീഗിനെ കൂടാതെ ഇന്ത്യ,ജപ്പാൻ, ജർമ്മനി, ബ്രസീൽ എന്നിവയും സുരക്ഷാ കൗൺസിലിൽ സ്ഥിരം അംഗങ്ങളാകാൻ ശ്രമിക്കുന്നുണ്ട്. 

Related News