പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരിക്കുന്നവരാണ് കർഷകരെ കുറ്റപ്പെടുത്തുന്നത്: വായുമലിനീകരണം തടയുന്നതിൽ ബ്യൂറോക്രസിയെ വിമർശിച്ച് സുപ്രീം കോടതി

  • 17/11/2021


ന്യൂ ഡെൽഹി: വായുമലിനീകരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ശക്തമായ നടപടി എടുക്കാൻ ബ്യൂറോക്രസിക്ക് കഴിയുന്നില്ലെന്ന് സുപ്രീം കോടതിയുടെ വിമർശനം. മലിനീകരണം തടയുന്നതിന് എടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പാക്കാൻ സുപ്രീം കോടതി സർക്കാരുകൾക്ക് നിർദേശം നൽകി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരിക്കുന്നവരാണ് മലിനീകരണത്തിന് കർഷകരെ കുറ്റപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി വിമർശിച്ചു. ഇതിനിടെ, ഡെൽഹിയിൽ ജോലിചെയ്യുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രയോഗികമല്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

ഡെൽഹിയിലെ രൂക്ഷമായ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ബ്യൂറോക്രസിയെ രൂക്ഷമായി വിമർശിച്ചത്. ഒരു തീരുമാനവും ബ്യൂറോക്രാറ്റുകൾ എടുക്കുന്നില്ല. എല്ലാം കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ്. ഈ തരത്തിലേക്ക് ബ്യൂറോക്രസി എത്തിയത് ദൗർഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഡെൽഹിയിലെ വായുമലിനീകരണത്തിന് മുഖ്യകാരണം വൈക്കോൽ കത്തിക്കൽ അല്ലെന്ന് താൻ പറഞ്ഞതിനെ ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. എന്നാൽ പഞ്ചാബിലെയും ഹരിയാണയിലെയും കർഷകർ വൈക്കോൽ കത്തിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെന്ന് ഡെൽഹി സർക്കാർ ഇന്നും കോടതിയിൽ ആവർത്തിച്ചു. എന്നാൽ കോടതി ഇതിനോട് വിയോജിച്ചു. പൂർണമായി വിലക്കിയിട്ടും ഡൽഹിയിൽ ദീപാവലിക്ക് ശേഷം എത്ര പടക്കം പൊട്ടിയെന്ന് സുപ്രീം കോടതി ആരാഞ്ഞു. കർഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.

ചാനലുകളിൽ നടക്കുന്ന ചർച്ചകളാണ് മറ്റെല്ലാ മലിനീകരണത്തെക്കാളും വലുതെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. അവർക്ക് കാര്യം എന്താണെന്ന് അറിയില്ല. പരാമർശങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ചർച്ചയാക്കുന്നു. എല്ലാവർക്കും അവരുടെ അജണ്ടയുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

വായുമലിനീകരണം തടയാൻ സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്ന സുപ്രീം കോടതി നിർദേശത്തോട് കേന്ദ്ര സർക്കാർ വിയോജിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനാകില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുന്നത് രാജ്യവ്യാപകമായി ബാധിക്കുമെന്നും തുഷാർ മേത്ത വ്യക്തമാക്കി. വളരെ കുറച്ച് സർക്കാർ വാഹനങ്ങൾ മാത്രമേ നിരത്തിൽ ഉള്ളൂ. ഇവ വിലക്കുന്നത് കൊണ്ട് കാര്യമായ ഗുണം ഉണ്ടാകില്ല. വർക്ക് ഫ്രം ഹോമിന് പകരം കാർ പൂളിങ് നടത്താൻ ജീവനക്കാരോട് നിർദേശിച്ചെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ഡെൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുകൾ, കോളേജുകൾ എന്നിവ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടയ്ക്കാൻ നിർദേശിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. അവശ്യ സാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾ ഒഴികെയുള്ളവയ്ക്ക് നവംബർ 21 വരെ ഡെൽഹിയിലേക്ക് പ്രവേശനം ഉണ്ടാകില്ല. അഞ്ച് താപവൈദ്യുത നിലയങ്ങൾ ഒഴികെ ഡെൽഹിയുടെ 300 കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ താപവൈദ്യുത നിലയങ്ങളും നവംബർ 30 വരെ അടച്ചിടാൻ തീരുമാനമായിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കടുത്ത നടപടികൾ പ്രഖ്യാപിക്കുന്നത് നവംബർ 21 വരെ നീട്ടിവയ്ക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. തുടർന്ന് ഹർജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

Related News