ന്യൂഡൽഹി: വായുമലിനീകരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ശക്തമായ നടപടി എടുക്കാൻ ബ്യൂറോക്രസിക്ക് കഴിയുന്നില്ലെന്ന് സുപ്രീം കോടതിയുടെ വിമർശനം. മലിനീകരണം തടയുന്നതിന് എടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പാക്കാൻ സുപ്രീം കോടതി സർക്കാരുകൾക്ക് നിർദേശം നൽകി. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരിക്കുന്നവരാണ് മലിനീകരണത്തിന് കർഷകരെ കുറ്റപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി വിമർശിച്ചു. ഇതിനിടെ, ഡൽഹിയിൽ ജോലിചെയ്യുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രയോഗികമല്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ബ്യൂറോക്രസിയെ രൂക്ഷമായി വിമർശിച്ചത്. ഒരു തീരുമാനവും ബ്യൂറോക്രാറ്റുകൾ എടുക്കുന്നില്ല. എല്ലാം കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ്. ഈ തരത്തിലേക്ക് ബ്യൂറോക്രസി എത്തിയത് ദൗർഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ഡൽഹിയിലെ വായുമലിനീകരണത്തിന് മുഖ്യകാരണം വൈക്കോൽ കത്തിക്കൽ അല്ലെന്ന് താൻ പറഞ്ഞതിനെ ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. എന്നാൽ പഞ്ചാബിലെയും ഹരിയാണയിലെയും കർഷകർ വൈക്കോൽ കത്തിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെന്ന് ഡൽഹി സർക്കാർ ഇന്നും കോടതിയിൽ ആവർത്തിച്ചു. എന്നാൽ കോടതി ഇതിനോട് വിയോജിച്ചു. പൂർണമായി വിലക്കിയിട്ടും ഡൽഹിയിൽ ദീപാവലിക്ക് ശേഷം എത്ര പടക്കം പൊട്ടിയെന്ന് സുപ്രീം കോടതി ആരാഞ്ഞു. കർഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.
ചാനലുകളിൽ നടക്കുന്ന ചർച്ചകളാണ് മറ്റെല്ലാ മലിനീകരണത്തെക്കാളും വലുതെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. അവർക്ക് കാര്യം എന്താണെന്ന് അറിയില്ല. പരാമർശങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് ചർച്ചയാക്കുന്നു. എല്ലാവർക്കും അവരുടെ അജണ്ടയുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?