എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാൻ ടാറ്റ

  • 18/11/2021


ന്യൂഡൽഹി ∙ എയർലൈൻ കമ്പനിയായ എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റ. ഇരുകമ്പനികളും ചേർത്ത് ഒറ്റ വ്യോമയാന കമ്പനിയാക്കാനാണ് പദ്ധതി. എയർ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇരു കമ്പനികളുടെയും ലയനം ഉണ്ടായേക്കും.

എയർ ഇന്ത്യയെ ടാറ്റ വാങ്ങിയതോടെ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും ടാറ്റയുടെ ഭാഗമായിരുന്നു. എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റയ്ക്ക് 84 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഒറ്റ കമ്പനി ആക്കുന്നതോടെ ജീവനക്കാരുടെ പുനർവിന്യാസവും സർവീസുകളുടെ ക്രമീകരണവും നടപ്പാക്കുന്നത് വഴി പരമാവധി വരുമാനം ഉറപ്പാക്കാൻ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.

നിലവിൽ കടുത്ത സാമ്പത്തിക നഷ്ടത്തിലാണ് എയർ ഏഷ്യ ഇന്ത്യ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മാത്രം നഷ്ടം 1,532 കോടി രൂപയാണ്. എയർ ഇന്ത്യ എക്സ്പ്രസിന് കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടി രൂപ ലാഭമുണ്ടാക്കാൻ സാധിച്ചിരുന്നു. പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ പറക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് മലയാളി പ്രവാസികൾക്കടക്കം ഏറെ സഹായകരമാണ്.

എയർ ഇന്ത്യയ്ക്കും എയർ ഏഷ്യയ്ക്കും പുറമെ സിംഗപ്പൂർ എയർലൈൻസുമായി ചേർന്ന് തുടങ്ങിയ വിസ്താരയിലും ടാറ്റയ്ക്ക് പങ്കാളിത്തമുണ്ട്. വ്യോമയാന മേഖലയിൽ വിപുലമായ പ്രവർത്തനം തുടങ്ങിയതോടെ ഒരു പ്രത്യേക മാനേജ്മെന്റ് വിഭാഗം തുടങ്ങാൻ ടാറ്റ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി വ്യോമയാന മാനേജ്മെന്റിന് മാത്രമായി ഒരു തലവനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടാറ്റ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News