ചെറിയ കളിയല്ലെന്ന് കർഷകർ; മോദിയുടെ അഭിമാന പ്രശ്നമെന്ന് ബിജെപി: പിന്മാറ്റം

  • 19/11/2021

ന്യൂഡൽഹി ∙ കർഷകരുടെ സമരം ചെറിയ കളിയല്ലെന്ന് ബിജെപിക്കും നരേന്ദ്ര മോദി സർക്കാരിനും ഉത്തമ ബോധ്യമുണ്ടായിട്ട് കുറച്ചേറെ നാളായി. കാർഷികോൽപന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്ന ശക്തമായ നിയമം നടപ്പാക്കാനും വിവാദമായ കർഷക നിയമങ്ങൾ നടപ്പാക്കുന്നത് തണുപ്പിക്കാനും കുറെ ദിവസങ്ങളായി ബിജെപി ആലോചിക്കുന്നു. 5 സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിനു മുൻപേ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. 

കർഷക പ്രക്ഷോഭം ഗൗരവമായി എടുക്കണമെന്ന നിർദേശം ആർഎസ്എസും പാർട്ടി നേതൃത്വത്തിനു നൽകി. ആർഎസ്എസ്–ബിജെപി ഉന്നതതല ചർച്ച കഴിഞ്ഞ മാസം ഡൽഹിയിൽ നടന്നിരുന്നു. വിദ്യാഭ്യാസ നയം, സാംസ്കാരിക, സാമ്പത്തിക വിഷയങ്ങളിലെ അഭിപ്രായ സമന്വയമായിരുന്നു മുഖ്യ അജൻഡയെങ്കിലും കർഷക സമരവും ചർച്ചയിലുണ്ടായിരുന്നു. കർഷക പ്രക്ഷോഭം സംബന്ധിച്ച് വ്യക്തമായ നിലപാടുണ്ടാകണമെന്ന് ആർഎസ്എസ് നേരത്തേതന്നെ ചൂണ്ടിക്കാണിച്ചതാണ്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്നതു സംബന്ധിച്ച നിയമനിർമാണമുണ്ടായേക്കും എന്നാണ് ഇപ്പോഴത്തെ സൂചനകൾ. അതിനായി ഉന്നത സമിതി രൂപവൽക്കരിക്കുമെന്നു പ്രധാനമന്ത്രി ഇന്ന് പറഞ്ഞിട്ടുണ്ട്. ലഖിംപുർ ഖേരിയിലെ കർഷക കൂട്ടക്കൊലയും അതിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആരോപണ വിധേയനായതും സിഖ് സമുദായത്തോടൊപ്പം ജാട്ട് സമുദായത്തിനും കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു.

യുപിയിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ജാട്ട് സമൂഹത്തെ പിണക്കുന്നത് ദോഷകരമാകുമെന്നാണ് യുപിയിലെ പ്രാദേശിക തലങ്ങളിൽനിന്ന് സമാഹരിച്ച വിവരങ്ങളുൾപ്പെടുത്തി ആർഎസ്എസ് നൽകിയ മുന്നറിയിപ്പ്. ലഖിംപുർ ഖേരി സംഭവം നടന്നതോടെ പടിഞ്ഞാറൻ യുപിയിൽനിന്ന് കർഷക രോഷം കിഴക്കൻ യുപിയിലേക്കും എത്തി. ഖാലിസ്ഥൻ വാദികളാണ് സമരത്തിന് പിന്നിലെന്ന ചില നേതാക്കളുടെ ആരോപണവും പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കി. 

പഞ്ചാബിലും ഹരിയാനയിലും പാർട്ടി നേതാക്കൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ. ഹരിയാനയിൽ ഉപതിരഞ്ഞെടുപ്പു നടന്ന എല്ലേനാബാദ് മണ്ഡലത്തിൽ ബിജെപി തോൽക്കുകയും ചെയ്‌തു. പ‍ഞ്ചാബിൽ പുതിയ പാർട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യത്തിനിറങ്ങുമെന്ന് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പ്രഖ്യാപിച്ചതും ബിജെപിയുടെ പുതിയ നീക്കം അറിഞ്ഞായിരുന്നു.

അമിത്ഷായുമായി നടത്തിയ ചർച്ചയിൽ മിനിമം താങ്ങുവില ഉറപ്പാക്കുക, കർഷക നിയമങ്ങൾ മരവിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾ അമരീന്ദർ മുന്നോട്ടു വച്ചിരുന്നു. വിട്ടുപോയ അകാലിദൾ അടക്കമുള്ളവരെ തിരിച്ചു സഖ്യത്തിലേക്കു കൊണ്ടുവരാനും ഈ നീക്കം സഹായിച്ചേക്കും. മേഘാലയ ഗവർണറും പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള ബിജെപി നേതാവുമായ സത്യപാൽ മാലിക്കും ഇതേ ആവശ്യങ്ങൾ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.
കർഷക നിയമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാനപ്രശ്നമായാണ് ബിജെപി കാണുന്നത്. എന്നാൽ ഇപ്പോൾ ഈ നിയമങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഫലത്തിൽ മരവിച്ച അവസ്ഥയിലാണ്.  ഇതുകൂടി കണക്കാക്കിയാണ് ഗുരു നാനക് ജയന്തി ദിനത്തിൽ തന്നെ പ്രഖ്യാപനമുണ്ടായത്.

Related News