അച്ചടക്ക സമിതി പുന:സംഘടനയിൽ ഗുലാം നബി ആസാദിന് തിരിച്ചടി: ആദ്യവട്ട ചർച്ചകളിൽ നിന്നും ആസാദിനെ ഒഴിവാക്കി

  • 19/11/2021


ന്യൂ ഡെൽഹി: അച്ചടക്ക സമിതി പുന:സംഘടനയിൽ കോൺഗ്രസ് മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് തിരിച്ചടി. പാർട്ടിയിലെ മുതിർന്ന നേതാക്കളിലൊരാളായ ഗുലാം നബി ആസാദിനെ ഒഴിവാക്കിയാണ് കോൺഗ്രസ് അച്ചടക്ക സമിതി പുന:സംഘടിപ്പിച്ചത്. 

ആദ്യവട്ട ചർച്ചകളിൽ അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നുവെങ്കിലും പിന്നീടുള്ള ചർച്ചകളിൽ നിന്നും ഒഴിവാക്കുകയായിരുന്നു. കോൺഗ്രസ് അച്ചടക്ക സമിതിയിൽ എ കെ ആൻറണി അധ്യക്ഷനായി തുടരും. മുതിര്‍ന്ന നേതാവ് അംബിക സോണി, താരിഖ് അന്‍വര്‍, ജയ് പ്രകാശ് അഗര്‍വാള്‍, ജി പരമേശ്വര്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.

കശ്മീർ കോൺഗ്രസിലെ വിഭാഗീയ നീക്കത്തിന് നേതൃത്വം നൽകിയെന്ന ആരോപണങ്ങളാണ് ഗുലാം നബി ആസാദിന് തിരിച്ചടിയായത്. ജമ്മുകശ്മീര്‍ പിസിസി അധ്യക്ഷൻ ഗുലാം അഹമ്മദ് മിര്‍നെ മാറ്റണമെന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദിന്റെ വിശ്വസ്തർ പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. മുന്‍ മന്ത്രിമാരടക്കം 20 തിലേറെപ്പേരാണ് രാജിവെച്ചത്. ഗുലാം അഹമ്മദ് മിര്‍ പദവിക്ക് യോജ്യനല്ലെന്നും ജമ്മുകശ്മീരില്‍ പാര്‍ട്ടി തകര്‍ന്നുവെന്നും നേതാക്കള്‍ സോണിയാ ഗാന്ധിക്കും രാഹുലിനും അയച്ച കത്തിലും ആരോപിച്ചു.  

ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് പിടിക്കാനുള്ള ഗുലാം നബി ആസാദിന്‍റെ നീക്കമാണ് നേതാക്കളുടെ രാജിക്ക് പിന്നിലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. വൈകാതെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും പിന്നാലെയുള്ള ലോക് സഭ തെരഞ്ഞെടുപ്പും ഉന്നമിട്ടാണ് ഗുലാംനബി ക്യാമ്പിന്‍റെ നീക്കമെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്. അതിൽ ഹൈക്കമാൻഡിന് അതൃപ്തി ഉണ്ട്. ഈ നീക്കങ്ങളാണ് അച്ചടക്ക സമിതി പുന:സംഘടനയിൽ നിന്നും ഗുലാം നബി ആസാദിനെ മാറ്റി നിർത്തുന്നതിലേക്ക് എത്തിച്ചത്. 

Related News