എൻസിബിക്ക് വൻ തിരിച്ചടി: ആര്യൻ ഖാൻ ലഹരി ഇടപാടിനായി ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്നു ബോംബെ ഹൈക്കോടതി

  • 21/11/2021



മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാൻ ലഹരി ഇടപാടിനായി ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്നു ബോംബെ ഹൈക്കോടതി. ആര്യൻ ഖാനും സുഹൃത്തും വനിതാ മോഡലും ലഹരി ഇടപാടിനായി ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. ആര്യന് ജാമ്യം അനുദിച്ച കോടതിയുടെ വിശദമായ ഉത്തരവിലാണ് അറസ്റ്റിനു നേതൃത്വം വഹിച്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് വൻ തിരിച്ചടി നൽകുന്ന കോടതിയുടെ നിരീക്ഷണങ്ങൾ ഉള്ളത്.

ആര്യൻ, സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൺമുൺ ധമേച്ഛ എന്നിവർ ഗൂഡാലോചന നടത്തിയതിന് തെളിവായി എൻസിബി വാട്സ് ആപ്പ് ചാറ്റുകൾ ഹാജരാക്കിയിരുന്നു. എന്നാൽ, ​ഗൂഡാലോചന തെളിയിക്കാൻ ഇത് പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി. ലഹരി മരുന്നൊന്നും ആര്യനിൽ നിന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും ലഹരി മാഫിയയുമായി ചേർന്ന് ആര്യൻ ഗൂഡാലോചന നടത്തിയെന്നാണ് എൻസിബി വാദിച്ച് കൊണ്ടിരുന്നത്. ആരോപണങ്ങൾക്കെല്ലാം തെളിവായി നിരത്തിയത് വാട്‍സ് ആപ്പ് ചാറ്റുകളുമായിരുന്നു.

ആരോപണങ്ങളൊന്നും പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. വാട്സ് ആപ്പ് ചാറ്റിൽ സംശയിക്കതക്കതൊന്നും ഇല്ല. പ്രതികൾ ഒരേ കപ്പലിൽ യാത്ര ചെയ്തെന്ന് വച്ച് ഗൂഢസംഘമെന്ന് മുദ്രകുത്താനാകില്ല. അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്തത് കുറഞ്ഞ അളവിലുള്ള ലഹരി മരുന്നുമാണ്. ഗൂഡാലോചന തെളിയിക്കാനാകാത്ത സാഹചര്യത്തിൽ പിടിച്ചെടുത്തതെല്ലാം കൂട്ടിച്ചേർത്ത് വലിയ അളവെന്ന നിലയിൽ പരിഗണിക്കാനാവില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. എൻസിബി ഉദ്യോഗസ്ഥരുടെ മുന്നിലുള്ള കുറ്റസമ്മത മൊഴിക്ക് സാധുതയില്ലെന്ന സുപ്രീംകോടതി വിധിയുണ്ട്.

Related News