ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം എന്ന അംഗീകാരം വീണ്ടും ഇൻഡോറിന്

  • 21/11/2021


ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം എന്ന അംഗീകാരം വീണ്ടും ഇൻഡോറിന് സ്വന്തം. തുടർച്ചയായി അഞ്ചാം തവണയാണ് ഇൻഡോർ കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരം സ്വന്തമാക്കുന്നത്. മധ്യപ്രദേശിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ നഗരമാണ് ഇൻഡോർ എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനങ്ങളുടെ ശുചിത്വപ്പട്ടികയിൽ ഛത്തീസ്ഗഢിനാണ് ഒന്നാം സ്ഥാനം.

വൃത്തിയേറിയ നഗരങ്ങളിൽ രണ്ടാം സ്ഥാനം സൂറത്തും (ഗുജറാത്ത്) മൂന്നാം സ്ഥാനം വിജയവാഡയും (ആന്ധ്രാപ്രദേശ്) കരസ്ഥമാക്കി. ഏറ്റവും ശുചിത്വമേറിയ ഗംഗാനഗരം (Cleanest Ganga Town) വാരാണസിയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമാണിത്. ബിഹാറിലെ മൂംഗെർ, പട്ന എന്നിവയ്ക്കാണ് ഈ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ. ഇൻഡോറും സൂറത്തും മുൻകാല പദവി നിലനിർത്തിയപ്പോൾ കഴിഞ്ഞ കൊല്ലം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന നവി മുംബൈയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി വിജയവാഡ നേട്ടം കരസ്ഥമാക്കി.

കേന്ദ്ര നഗര വികസന മന്ത്രാലയം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ശനിയാഴ്ച നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. 28 ദിവസത്തിനുള്ളിൽ 4,320 നഗരങ്ങളിലാണ് സർവേ നടത്തിയത്. 4.2 കോടിയിലേറെ പേർ സർവേയിൽ പങ്കെടുത്തതായി മന്ത്രാലയം വ്യക്തമാക്കി.

Related News