അകത്തു കയറ്റാത്ത ജീവനക്കാരെ ഞെട്ടിച്ചുകൊണ്ട് ക്ഷേത്രത്തിന് യാചകസ്ത്രീയുടെ വക പതിനായിരം രൂപ സംഭാവന

  • 24/11/2021

ചിക്കമംഗളൂരു: കർണാടകയിലെ ക്ഷേത്രത്തിന് പതിനായിരം രൂപ സംഭാവന ചെയ്ത് ഭിക്ഷാടക. കഡൂർ ടൗണിൽ നിർമാണത്തിലിരിക്കുന്ന ആഞ്ജനേയ ക്ഷേത്രത്തിനാണ് കെമ്പാമ്മ എന്ന സ്ത്രീ സംഭാവന കൈമാറിയത്.

വെള്ളിയാഴ്ച രാവിലെ കെമ്പാമ്മ ക്ഷേത്രത്തിലെത്തി ക്ഷേത്രം അധികാരികളെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവിടെയുള്ള ജീവനക്കാർ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാൻ ആദ്യം അനുമതി നൽകിയില്ല. കാണണമെന്ന് ആവർത്തിച്ചതോടെ പ്രവേശനാനുമതി നൽകി. തുടർന്നാണ് കെമ്പാമ്മ ക്ഷേത്രം നിർമാണ ഫണ്ടിലേക്ക് പതിനായിരം രൂപ സംഭാവന നൽകുമെന്ന് ജീവനക്കാരെ അറിയിച്ചത്.

അഞ്ഞൂറിന്റെ ഇരുപത് നോട്ടുകൾ ക്ഷേത്രം പൂജാരി ദത്തു വാസുദേവിന് കൈമാറി. വർഷങ്ങളായി സൂക്ഷിച്ചുവെച്ച പണമാണ് കെമ്പാമ്മ കൈമാറിയത്. ക്ഷേത്രത്തിന്റെ ഗോപുര നിർമാണത്തിനായി തുക ചെലവഴിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നേരത്തേയും ഇവർ ക്ഷേത്രത്തിലേക്ക് പണം സംഭാവന ചെയ്തിരുന്നു. കെമ്പാമ്മയുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് ക്ഷേത്രം ജീവനക്കാർ പ്രതികരിച്ചു.

കഡൂർ സായ്ബാബ ക്ഷേത്രത്തിന് സമീപം ഭിക്ഷാടനം നടത്തിയാണ് കെമ്പാമ്മ കഴിയുന്നത്. വർഷങ്ങളായി ഇവിടെ കഴിയുന്ന കെമ്പാമ്മയ്ക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് സൗജന്യമായാണ് ഭക്ഷണം കൊടുക്കുന്നത്.

Related News