സിഖ് വിരുദ്ധ പരാമർശം: നടി കങ്കണയ്ക്ക് ഡെൽഹി നിയമസഭാ സമിതി നോട്ടീസ് നൽകി

  • 25/11/2021


ന്യൂ ഡെൽഹി: സിഖ് വിരുദ്ധ പരാമര്‍ശത്തില്‍ നടി കങ്കണ റണാവത്തിനെ ഡെൽഹി നിയമസഭ സമിതി വിളിച്ചു വരുത്തും. അടുത്ത മാസം ആറിന് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് രാഘവ് ഛദ്ദ എംഎല്‍എ അധ്യക്ഷനായ സമിതി കങ്കണക്ക് നോട്ടീസ് നല്‍കി. കാര്‍ഷിക നിയമങ്ങൾ പിന്‍വലിച്ചതിന് പിന്നാലെ കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പരമാര്‍ശമാണ് നടപടിക്കാധാരം.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് ഖലിസ്ഥാൻ ഭീകരര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാകുമെന്നും അവരെ കൊതുകുകളെ പോലെ ഒരു വനിത പ്രധാനമന്ത്രി മാത്രമാണ് ചവിട്ടിയരച്ചതെന്നുമായിരുന്നു പരാമർശം. ഇന്ദിരയുടെ പേര് കേട്ടാല്‍ ഇപ്പോഴും അവര്‍ വിറയ്ക്കുമെന്നും കങ്കണ ഇന്‍സ്റ്റ ഗ്രമില്‍ കുറിച്ചിരുന്നു. ഈ പരാമർശമാണ് വിവാദമായത്. 

കഴിഞ്ഞ ദിവസം കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പരാതിക്കടിസ്ഥാനമായ പോസ്റ്റ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പരാതിയെ തുടര്‍ന്ന് 124എ, 504, 505 വകുപ്പുകള്‍ ചേര്‍ത്ത് കങ്കണക്ക് എതിരെ കേസെടുത്തിട്ടുണ്ട്. 

നേരത്തെ സ്വാതന്ത്ര്യ സമരത്തെ അവഹേളിച്ചെന്നും കങ്കണക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. 1947ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ലെന്നും 2014 ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോഴാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം.

Related News