കർണ്ണാടകയിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന് ശേഷവും 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കൊറോണ

  • 25/11/2021



ബെം​ഗളുരു: കർണ്ണാടകയിലെ ധാർവാഡിൽ കൊറോണ വൈറസിനെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്ത 66 മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോ‌‍ർട്ട്. കോളേജിലെ ഒരു പരിപാടിയെ തുടർന്ന് 400 വിദ്യാർത്ഥികളിൽ 300 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് എസ്ഡിഎം കോളേജ് ഓഫ് മെഡിക്കൽ സയൻസസിലെ വിദ്യാർത്ഥികൾക്ക് രോഗബാധ കണ്ടെത്തിയത്.

ജില്ലാ ഹെൽത്ത് ഓഫീസറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും നിർദ്ദേശപ്രകാരം കോളേജിലെ രണ്ട് ഹോസ്റ്റലുകളും അടച്ചു. ഓഫ് ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനും എടുത്തതിന് ശേഷവും രോഗബാധിതരായ ഈ വിദ്യാർത്ഥികളെ ക്വാറന്റീൻ ചെയ്‌തതായി ധാർവാഡ് ഡെപ്യൂട്ടി കമ്മീഷണർ നിതേഷ് പാട്ടീൽ പറഞ്ഞു. അവർക്ക് ഹോസ്റ്റലിൽ തന്നെ ചികിത്സ നൽകുമെന്നും അദ്ദേഹം അറിയിച്ചു. 

"ബാക്കിയുള്ള 100 വിദ്യാർത്ഥികളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കും. ഞങ്ങൾ വിദ്യാർത്ഥികളെ ക്വാറന്റൈൻ ചെയ്തു. രണ്ട് ഹോസ്റ്റലുകൾ അടച്ചു. വിദ്യാർത്ഥികൾക്ക് ചികിത്സയും ഭക്ഷണവും നൽകും. ആരെയും ഹോസ്റ്റലുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. ടെസ്റ്റുകൾക്കായി കാത്തിരിക്കുന്ന വിദ്യാർത്ഥികളെയും അതേ പരിസരത്ത് ക്വാറന്റൈൻ ചെയ്യും,” പാട്ടീൽ പറഞ്ഞു.

"വിദ്യാർത്ഥികൾ കോളേജിൽ നിന്ന് ഇറങ്ങിയോ എന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണ്. വിദ്യാർത്ഥികൾക്കായി കോളേജിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു, ആ പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും ഞങ്ങൾ പരിശോധിച്ചു. പ്രാഥമിക, സെക്കൻഡറി കോൺടാക്റ്റുകളെ കണ്ടെത്തി. അവരെ പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാ വിദ്യാർത്ഥികൾക്കും രണ്ട് ഡോസുകളും കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്," ഉദ്യോഗസ്ഥർ പറഞ്ഞു. രോഗബാധിതരായ ചില വിദ്യാർത്ഥികൾക്ക് ചുമയും പനിയും ഉണ്ടെന്നും മറ്റുള്ളവർക്ക് നിലവിൽ രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News