ഒമിക്രോൺ വൈറസ്: ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് നിരീക്ഷണം നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ

  • 27/11/2021


മുംബൈ: കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകരാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും ജാ​ഗ്രതയും ശക്തമാക്കി മുംബൈ കോ‍ർപ്പറേഷൻ. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് ക്വാറൻ്റിൻ നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ. പോസിറ്റീവായാൽ ജീനോം സീക്വൻസിംഗ് നടത്തും. 

കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയ‍ർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി നി‍ർദേശിച്ചു. ഒമിക്രോൺ വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുട‍ർന്ന് വിളിച്ചു ചേ‍‍ർത്ത അവലോകന യോ​ഗത്തിലാണ് ജാ​ഗ്രത കടുപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 

കൊറോണ വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോ​ഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾസ്വീകരിക്കണമെന്നും നരേന്ദ്രമോദി നി‍ർദേശിച്ചു. ഒമിക്രോൺ വൈറസിനെതിരെ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാൻ കൊറോണ വാക്സീൻ രണ്ടാം ഡോസിൻ്റെ വിതരണം വേ​ഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ , നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട യാത്രാ വിലക്ക് നീക്കിയ സാഹചര്യവിം യോഗം വിലയിരുത്തി. പുതിയ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നു ഉയരുന്നുണ്ട്. ഡിസംബര്‍ 15 മുതലാണ് വിലക്ക് നീക്കുന്നതെന്നതിനാല്‍ തുടര്‍ സാഹചര്യം നിര്‍ണ്ണായകമാകും. 

അതേ സമയം വളരെ ബുദ്ധിമുട്ടിയാണ് രാജ്യം കൊറോണയെ മറികടക്കുന്നതെന്നും, പുതിയ വകഭേദം ഇന്ത്യയിലെത്താതിരിക്കാൻ പറ്റുന്നതെല്ലാം ചെയ്യണമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ഗുജറാത്ത് ഉൾപ്പടെയുള്ള നിരവധി സംസ്ഥാനങ്ങൾ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.  

Related News