ഒമിക്രോണിന് വ്യാപനശേഷി കൂടുതല്‍; ജാഗ്രത കൈവിടരുത്: ഡോ. സൗമ്യ സ്വാമിനാഥന്‍

  • 28/11/2021

ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ഇന്ത്യയിലെ ജനങ്ങൾ ജാഗ്രത കൈവെടിയാതെ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. നിലവിൽ ആധികാരികമായി ഒന്നും പറയാനാകില്ല. എങ്കിലും ഡെൽറ്റയെക്കാൾ കൂടുതൽ വ്യാപനശേഷി ഒമിക്രോൺ വകഭേദത്തിനുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂടുതൽ വിവരങ്ങൾ അറിയാനാകും. മറ്റ് കോവിഡ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ വകഭേദത്തിന്റെ സ്വഭാവ സവിശേഷതകൾ മനസിലാക്കുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമായിവരും. മാസ്കുകൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം. മാസ്കുകളെ 'പോക്കറ്റിലെ വാക്സിനുകൾ' എന്ന് വിളിക്കാം. അടച്ചിട്ട സ്ഥലങ്ങളിൾ മാസ്കുകൾ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവർ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എല്ലാ മുതിർന്നവർക്കും പൂർണ്ണമായി വാക്സിനേഷൻ നൽകുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, വ്യാപകമായ ജീനോം സീക്വൻസിങ്, കേസുകളിൽ അസാധാരണമായ വർധന സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിവയാണ് 'ഒമിക്രോണിനെതിരെ' പ്രതിരോധത്തിനുള്ള ശാസ്ത്രജ്ഞരുടെ നിർദ്ദേശങ്ങൾ. ആശങ്കയുടെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാൻ ശാസ്ത്രാധിഷ്ഠിത തന്ത്രം മെനയേണ്ടത് ആവശ്യമാണ്. രാജ്യത്തെ പൊതുജനാരോഗ്യ നടപടികൾ തുടരണം. വാക്സിനേഷന് തന്നെയാണ് കൂടുതൽ മുൻഗണന നൽകേണ്ടത്.

ഒമിക്രോൺ ധാരാളം ജനിതകമാറ്റങ്ങൾ വന്നിട്ടുള്ള ഒരു വകഭേദമാണ്. ഒരു ജീവിയുടെ ജനിതക ഘടന കണ്ടെത്തുന്ന പ്രക്രിയയായ ജീനോം സീക്വൻസിംഗ് കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമായ ആയുധമായി തന്നെ തുടരും. യാത്രകൾ നിരോധിച്ചതുകൊണ്ട് മുമ്പും കോവിഡ് വ്യാപനം തടഞ്ഞുനിർത്താൻ കഴിയാഞ്ഞതിനാൽ അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള സമീപനം ആവശ്യമാണ്. യാത്രാ നിരോധനങ്ങൾ താൽക്കാലികം ആയിരിക്കണമെന്നും ഇടയ്ക്കിടെ അവലോകനം നടത്തേണ്ട വിഷയമാണിതെന്നും അവർ അഭിപ്രായപ്പെട്ടു

ലോകാരോഗ്യ സംഘടന 'ആശങ്കയുടെ വകഭേദം' എന്ന് പരാമർശിച്ച ഒമിക്രോൺ വകഭേദം, കോവിഡിന്റെ മുൻ വകഭേദങ്ങളേക്കാൾ കൂടുതൽ അപകടകാരിയായ ഒന്നാണ്. എന്നാൽ മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഗുരുതരമായ കോവിഡ് കേസുകൾ സൃഷ്ടിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രണ്ട് വർഷങ്ങളായി തകർന്ന് നിൽക്കുന്ന സാമ്പത്തിക രംഗം വീണ്ടെടുക്കുന്നതിന് ഒണിക്രോൺ ഭീഷണിയാകുമെന്ന ഭയത്താൽ ഇതിനോടകം തന്നെ മിക്ക രാജ്യങ്ങളും തിടുക്കപ്പെട്ട് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.


Related News