പക്ഷിപനി; മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ചു.

  • 02/12/2021

കുവൈത്ത് സിറ്റി : പോളണ്ട്, ഹംഗറി, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കുവൈത്ത് സർക്കാർ. ബ്രോയിലർ കോഴികളും  കുഞ്ഞുങ്ങളേയും മുട്ടകളും നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ് അറിയിച്ചു. വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ ശുപാർശകളുടെയും നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അതോറിറ്റിയുടെ വക്താവ് തലാൽ അൽ ദൈഹാനി അറിയിച്ചു. 

പക്ഷിപനി റിപ്പോര്‍ട്ട് ചെയ്ത  സാഹചര്യത്തിൽ ​അധികൃതര്‍ കോഴി ഫാമുകളില്‍  പരിശോധനകൾ വ്യാപിപ്പിച്ചു. കുവൈത്തില്‍  ഈ വർഷം ആദ്യം ആയിരകണക്കിന്​ പക്ഷികൾക്ക്​ പക്ഷിപനി സ്​ഥിരീകരിച്ചിരുന്നു. തുടർന്ന്​ നിരവധി വളർത്തു പക്ഷികൾക്ക്​ രോഗം സ്​ഥിരീകരിക്കുകയും ഇവ ചാവുകയും ചെയ്തിരുന്നു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ പക്ഷികളും മൃഗങ്ങളും മൃഗസംരക്ഷണ വകുപ്പ് നൽകുന്ന വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കണമെന്നും  പുറത്ത് നിന്നും വരുന്ന ജീവജാലങ്ങലുടെ സാമ്പിളുകൾ പരിശോധിച്ച ശേഷം മാത്രമേ ഇറക്കുമതി അനുവദിക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. 

പക്ഷികളില്‍ ശ്വാസകോശ സംബന്ധമായ രോഗമുണ്ടാക്കുന്ന പകര്‍ച്ചവ്യാധിയാണ് എച്ച് 5എന്‍1. വൈറസ്‌ ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴി രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തും. മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ പകരാൻ സാധ്യതയില്ലെന്നാണ്‌ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്‌. എന്നാൽ, എച്ച് 5എന്‍1 ബാധിച്ചാൽ മരണനിരക്ക്‌ 60 ശതമാനമാണ്‌. കണ്ണ്‌, മൂക്ക്‌, വായ എന്നിവയിലൂടെ വൈറസ്‌ അകത്തുകടക്കും. യഥാവിധം പാകംചെയ്‌ത ആഹാരത്തിലൂടെ വൈറസ്‌ പകരില്ല. പനി, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ, ക്ഷീണം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍

Related News