ഇരുപത് ദിവസം ഭക്ഷണം നൽകാതെ മകൻ പൂട്ടിയിട്ടു; മദ്ധ്യവയസ്ക മരിച്ചു

  • 05/12/2021

ബറേലി: ഉത്തർപ്രദേശിലെ പിലിഭിത്തിൽ  20 ദിവസം ഭക്ഷണം നൽകാതെ മകൻ വീട്ടിൽ പൂട്ടിയിട്ടതിനെ തുടർന്ന് മദ്ധ്യവയസ്ക മരിച്ചു. ബിലാസ്​പൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ ദുർഗ പ്രസാദ്​ പ്രദേശത്താണ്​ സംഭവം. 63കാരിയായ ലീല ദേവിയാണ്​ മരിച്ചത്​.

സമീപവാസികൾക്ക്​ സംശയം തോന്നിയതിനെ തുടർന്ന്​ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി 63കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ പിന്നീട്​ മരിച്ചു.  27കാരനായ മകൻ പങ്കജ്​ കുമാർ 20 ദിവസം മുമ്പ്​ അമ്മയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നുവെന്ന്​ സമീപവാസികൾ പറയുന്നു. സോറിയാസിസ്​ ബാധിച്ച്​ കിടപ്പിലായിരുന്ന ഇവർക്ക്​ ഭക്ഷണവും ലഭിച്ചിരുന്നില്ല. ദേവിയും മകനും മാത്രമാണ്​ വീട്ടിൽ താമസം. ജോലി ആവശ്യങ്ങൾക്കായി കുമാർ മിക്ക ദിവസങ്ങളിലും വീട്ടിൽ ഉണ്ടാകാറില്ല.

മകനായി തെര​ച്ചിൽ ആരംഭിച്ചതായി പൊലീസ്​ അറിയിച്ചു. പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന്​ പൊലീസ്​ അറിയിച്ചു.

Related News