മദ്യപിക്കാൻ വിളിച്ചുവരുത്തി സുഹൃത്തിന്റെ തലയറുത്തു കൊന്നു, മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി യുവാവ്

  • 08/12/2021

ലക്നൌ:  ഉത്തർപ്രദേശില്‍ മദ്യപിക്കാൻ വിളിച്ചുവരുത്തി, സുഹൃത്തിന്റെ തലയറുത്ത് കൊലപ്പെടുത്തി യുവാവ്. തല ചവറുകൂനയിൽ കളയുന്നതിന് മുമ്പ് ഒരു രാത്രി മൃതദേഹത്തിനൊപ്പം ഇയാള്‍ കിടന്നുറങ്ങുകയും ചെയ്തു.  ഗാസിയാബാദിലാണ് ക്രൂരമായ കൊലപാതകം നടന്നത്. 

 കൊലപാതകം നടന്ന് പിറ്റേന്ന് രാവിലെയാണ് അറുത്തെടുത്ത തല ചവറുകൂനയിൽ തള്ളിയത്. പ്രതി സന്ദീപ് മിശ്ര ഓട്ടോമൊബൈൽ കമ്പനിയിലെ ജീവനക്കാരനാണ്. ഞായറാഴ്ചയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രമോദ് കുമാർ പ്രതി മിശ്രയുടെ സീനിയർ ആണ്. തന്നെ പറ്റിയുളള പരാതികൾ പ്രമോദ് സീനിയർ ഉദ്യോഗസ്ഥരോട് പറയുന്നതിൽ മിശ്ര അസ്വസ്ഥനായിരുന്നു. 300 കിലോമീറ്റർ അകലെ കാസ്ഗഞ്ചിൽ താമസിക്കുന്ന പ്രമോദ് കുമാറിന്റെ ഭാര്യയ്ക്ക് ഭർത്താവിനെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ അന്വേഷിച്ചപ്പോളാണ് തിങ്കളാഴ്ച ഇരുവരും തമ്മിൽ വഴക്കുണ്ടായെന്ന് അറിഞ്ഞത്. ഇതോടെ പ്രതിയുടെ വീട്ടിൽ എത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. 

സ്ത്രീ വീടിനുള്ളിലേക്ക് എത്തിനോക്കിയപ്പോൾ രക്തം കാണുകയും ഉടൻ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് എത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം പുറത്തറിഞ്ഞെന്ന് മനസ്സിലായതോടെ സന്ദീപ് മിശ്ര തന്റെ വീടിന് സമീപത്ത് നിന്ന് ഒളിച്ചോടുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് പ്രമോദ് കുമാറിന്റെ തലയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയത്.

പ്രമോദ് കുമാറും സന്ദീപ് മിശ്രയും കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഫാക്ടറിയിലെ സഹപ്രവർത്തകർ എന്ന നിലയിലാണ് ഇരുവരും ആദ്യം അടുപ്പത്തിലായത്. മെഷീൻ തകരാറിലായതിന് സന്ദീപ് മിശ്രയെ കുറ്റപ്പെടുത്തി പ്രമോദ് കുമാർ അടുത്തിടെ നടത്തിയ വഴക്ക് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കി. 

ഞായറാഴ്ച സന്ദീപ്, പ്രമോദ് കുമാറിനെ വിളിച്ച് മദ്യപിക്കാൻ ക്ഷണിച്ചു. മദ്യലഹരിയിലായിരുന്ന പ്രമോദിനെ സന്ദീപ് കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രിയിൽ മൃതദേഹവുമായി ഉറങ്ങി, പിറ്റേന്ന് അറുത്തുമാറ്റിയ തല പ്ലാസ്റ്റിക് കവറിലാക്കി വീടിനടുത്തുള്ള മാലിന്യക്കൂമ്പാരത്തിൽ വലിച്ചെറിയുകയായിരുന്നു. എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് തിങ്കളാഴ്ച ഏറെക്കുറെ വീടിനടുത്ത് ചുറ്റിത്തിരിയുകയായിരുന്നു സന്ദീപ് മിശ്ര. 

Related News