സാംസംഗുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ഒരുങ്ങി ഓപ്പോ; ആദ്യ ഫോൾഡബിൾ ഫോൺ അടുത്താഴ്ച വിപണിയിലെത്തും

  • 10/12/2021

സാംസംഗിന് കടുത്ത വെല്ലുവിളിയുമായി ഒപ്പോയുടെ ആദ്യ ഫോൾഡബിൾ ഫോണായ ഫൈന്‍ഡ് എന്‍  അടുത്താഴ്ച വിപണിയിലെത്തും. സാംസംഗ് ഗാലക്സി സി ഫോള്‍ഡ്‌ മൂന്ന് മോഡലുമായാണ് ഓപ്പോയുടെ ഫൈന്‍ഡ് എന്‍ വിപണിയില്‍  മത്സരിക്കുക. ഓപ്പോയുടെ  വാർഷിക കൺവെൻഷനിൽ ഡിസംബർ 15 നാണ് ഫോണ്‍ ലോഞ്ച് ചെയ്യുക. മൊബൈല്‍ പ്രേമികള്‍ മാസങ്ങളായി കാത്തിരിക്കുന്ന ഫോണാണ് ഫൈന്‍ഡ് എന്‍. സാങ്കേതികമായ കാര്യങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മികച്ച ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നതാണ് വിവരങ്ങള്‍. 120Hz റിഫ്രഷ് റേറ്റില്‍  8 ഇഞ്ചിന്‍റെ  LTPO ഡിസ്‌പ്ലേ ആയിരിക്കും ഓപ്പോ വിപണിയിൽ പുറത്തിറക്കുന്നത്. ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ എത്തുന്ന ഫോണുകൾ ആയതിനാല്‍ Qualcomm Snapdragon 888 പ്രോസ്സസറുകള്‍ ഉപയോഗിക്കാന്‍ ഏറെ സാധ്യതയുണ്ട്. 

ഏറെ കാലത്തെ നിരന്തരമായ  പരിശ്രമങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലമായാണ് പുതിയ ഫോണ്‍ പുറത്തിറങ്ങുന്നതെന്നും സ്മാര്‍ട്ട്ഫോണുകളുടെ ഭാവിയിലേക്കുള്ള ഓപ്പോയുടെ ചരിത്രപരമായ കാല്‍വെപ്പാണ് പുതിയ ഫോണെന്നും ഓപ്പോ മേധാവിയും വണ്‍പ്ലസിന്റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയായ പീറ്റ്  ലൌ പറഞ്ഞു. വിപണിയില്‍  നിരവധി മടക്കാവുന്ന ഫോണുകള്‍ ഉണ്ടെങ്കിലും  യുട്ടിലിറ്റി, ഡ്യൂറബിലിറ്റി  തുടങ്ങിയ സാങ്കേതിക  തടസ്സങ്ങള്‍ ഫോള്‍ഡബിള്‍ ഉപകരണങ്ങളെ നിര്‍മ്മിക്കുന്നതില്‍  വലിയ വെല്ലുവിളി സൃഷ്ടിച്ചതായും ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ ഓപ്പോ ഫൈന്‍ഡ് എന്നിന് സാധിച്ചതായും പീറ്റ്  ലൌ വ്യക്തമാക്കി. 

നേരത്തെ സാംസംഗ് സി ഫോള്‍ഡ്‌ ഫോണില്‍ നിരവധി സാങ്കേതിക പ്രശ്നങ്ങളുള്ളതായി നിരവധി ഉപഭോക്താക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ബാറ്ററി ചോർച്ചയും സിഗ്നല്‍ നഷ്ടപ്പെടുന്നതും  ക്യാമറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും  അടക്കം നിരവധിപേരാണ്  കമ്മ്യൂണിറ്റി ഫോറത്തില്‍ പരാതിപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം ഓപ്പോയുടെ ഫൈന്‍ഡ് എന്‍ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ക്യാമറകൾ ആകും ഉണ്ടാകുക .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .

Related News